News
300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറി, കുട്ടികളെ ബോധവത്കരിക്കാന്‍ താമരശേരി രൂപത ഇന്ന് ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കും!
300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറി, കുട്ടികളെ ബോധവത്കരിക്കാന്‍ താമരശേരി രൂപത ഇന്ന് ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കും!
വിവാദ ചിത്രം ‘കേരള സ്‌റ്റോറി’ ഇന്ന് താമരശേരി രൂപത പ്രദര്‍ശിപ്പിക്കും. രൂപതയ്ക്ക് കീഴിലെ കേരള കാത്തലിക്ക് യൂത്ത് മൂവ്‌മെന്റ് യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. വിദ്യാര്‍ത്ഥികള്‍ക്കായി ‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം നേരത്തെ ആരോപിച്ചിരുന്നു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചിരുന്നു.
നേരത്തെ ഇടുക്കി രൂപതക്ക് കീഴിലുള്ള പള്ളികളില്‍ ‘കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ചത് കൂടുതല്‍ വിവാദമായിരുന്നു. പ്രദര്‍ശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
കേരള സ്‌റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭക്കുണ്ടെന്ന അഭിപ്രായവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ സഭയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
