സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു! ഞെട്ടലോടെ പ്രിയപ്പെട്ടവർ
മിനി സ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത നിരവധി ഹിറ്റ് പരമ്പരകളുടെ അമരക്കാരനായ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു.
. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.
കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരത്ത് പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം എവിടെവച്ചായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം വരേണ്ടതുണ്ട്. തലസ്ഥാനത്തെ സിനിമാ, സീരിയല്‍ പ്രവര്‍ത്തകര്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രേക്ഷകരുടെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനായിരുന്നു ആദിത്യന്‍. അദ്ദേഹം ഒരുക്കിയ പരമ്പരകളൊക്കെ എപ്പോഴും റേറ്റിംഗിലും മുന്നിലായിരുന്നു. നിരവധി ഹിറ്റ് സീരിയലുകളുണ്ട് ക്രെഡിറ്റില്‍. ചെയ്യാനിരിക്കുന്ന സിനിമയുടെ ആലോചനകളിലുമായിരുന്നു.
പ്രണാമം ചേട്ടാ, എന്ത് പറയണം എന്നറിയില്ല ജീവിതത്തിൽ കൂടെ ചേർത്ത്നിർത്തി വളർത്തിയ ഓരോരുത്തരായി കണ്ണ് മുന്നിൽ നിന്നും പൊടുന്നനെ മാഞ്ഞുപോകുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്താ ചേട്ടാ നിങ്ങളെ കുറിച്ച് പറയേണ്ടത് അറിയില്ല അത്രമാത്രം എന്റെ അഭിനയജീവിതത്തിൽ ഗുരുനാഥനായും ജീവിതത്തിൽ ഒരു സഹോദരനെ പോലെയും സ്വാധീനിച്ച അങ്ങേക്ക് എങ്ങനെ ആദരാഞ്ജലികൾ അർപ്പിക്കണം എന്നറിയില്ല. ചേട്ടന്റെ കുടുംബത്തിന് എല്ലാം അതിജീവിക്കാൻ കരുത്തു നൽകട്ടെ ഈശ്വരൻ എന്നായിരുന്നു ഉമ നായർ കുറിച്ചത്.
എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് “സാന്ത്വനം” സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളേ വിട്ടു പോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ. അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ. എന്തൊരു ലോകം ദൈവമേ ഇതെന്നായിരുന്നു മനോജ് കുറിച്ചത്.
ആദരാഞ്ജലികൾ പ്രിയ സുഹൃത്തേ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ വിടവാങ്ങി. ജീവിതത്തിന്റെ പാതിയിൽ എല്ലാം അവസാനിപ്പിച്ച് ധൃതിയിൽ പോയതെന്തിനാണ് സുഹൃത്തെ, വിട എന്നായിരുന്നു ആൽബി ഫ്രാൻസിസ് കുറിച്ചത്.