Malayalam
‘രോമാഞ്ചം’ കണ്ടിട്ട് ചിരി വന്നില്ല, ലിയോ കണ്ടിട്ട് സംഭവമായും തോന്നിയില്ല; ലോകേഷിനെയും നെല്‍സനെയും ഫോളോ ചെയ്യുന്നതുപോലെ നിങ്ങള്‍ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ; ജി സുരേഷ് കുമാര്‍
‘രോമാഞ്ചം’ കണ്ടിട്ട് ചിരി വന്നില്ല, ലിയോ കണ്ടിട്ട് സംഭവമായും തോന്നിയില്ല; ലോകേഷിനെയും നെല്‍സനെയും ഫോളോ ചെയ്യുന്നതുപോലെ നിങ്ങള്‍ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ; ജി സുരേഷ് കുമാര്‍
നടനായും നിര്‍മാതാവായും പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ജി സുരേഷ് കുമാര്‍. ഇപ്പോഴിതാ നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്മൃതി സന്ധ്യ’യില്‍ ‘എണ്‍പതുകളിലെ മലയാള സിനിമ’ എന്ന വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വിജയ് ചിത്രം ‘ലിയോ’ വലിയ സംഭവമായി തോന്നിയില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.
ലോകേഷ് കനകരാജിനേയും നെല്‍സനേയും ഫോളോ ചെയ്യുന്നത് പോലെ ആളുകള്‍ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് സംശയമാണെന്നും നിര്‍മാതാവ് പറഞ്ഞു. സംവിധായകന്‍ കമലും നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവും ഒപ്പമുണ്ടായിരുന്നു. ‘രോമാഞ്ചം’ കണ്ടിട്ട് ചിരി വന്നില്ലെന്നും എന്നാല്‍ ആ സിനിമ മോശമാണെന്ന
അഭിപ്രായമില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘വിഷ്ണുലോകം ആണെങ്കിലും ഞാനെടുത്ത ബട്ടര്‍ഫ്‌ലൈ ആണെങ്കിലും ആറാം തമ്പുരാന്‍ ആണങ്കിലും മോഹന്‍ലാല്‍ അഭിനയിച്ച എന്റെ ചിത്രങ്ങളാണ്. ഇതിന്റെയൊക്കെ ആദ്യ ദിവസം ഞാന്‍ കണ്ടിട്ടുള്ള തിരക്ക് ഭയങ്കരമാണ്. ആളുകള്‍ ഇടിച്ചു കയറും. പ്രേക്ഷകരുടെ മൈന്റ്‌സെറ്റ് മാറി. നിങ്ങള്‍ ലോകേഷ് കനകരാജിനേയും നെല്‍സനെയും ബാക്കിയുള്ളവരെയും ഒക്കെ ഫോളോ ചെയ്യുന്നുണ്ട്. അതുപോലെ ശരിക്കും നിങ്ങള്‍ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ എന്നുള്ളത് സംശയമാണ്.
പുതിയ തലമുറയിലെ ‘രോമാഞ്ചം’ എന്ന സിനിമ ഞാന്‍ പോയിക്കണ്ടാല്‍ അത്ര നന്നായി തോന്നില്ല. നിങ്ങള്‍ കണ്ടിട്ട് ചിരിക്കുന്നുണ്ട്. എനിക്ക് ആ സിനിമ കണ്ടിട്ട് ചിരി വന്നില്ല. ആ സിനിമ മോശമാണെന്നല്ല ഞാന്‍ പറയുന്നത്. എനിക്ക് ആ സിനിമ അത്ര ആസ്വദിക്കാന്‍ പറ്റിയില്ല, നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ പറ്റി.
ഞാനൊരു പഴയ ആളാണ്. ഇപ്പോള്‍ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും കഥ പറയാന്‍ എന്റെ അടുത്തു വന്നാല്‍ ഞാന്‍ എന്റെ മകളുടെ അടുത്ത് പറയും, നീ കൂടെ ഒന്ന് കേട്ട് നോക്കൂ എന്ന്. ഞാന്‍ വിലയിരുത്തുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് വിചാരിക്കുന്നത്. ലോകേഷിനെ പോലെ പ്രഗല്‍ഭരായ സംവിധായകര്‍ ഇവിടെയുമുണ്ട്.
തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. ലിയോ എന്ന ചിത്രം കണ്ടിട്ട് എനിക്ക് വലിയ സംഭവമായി തോന്നിയില്ല. അതില്‍ ക്ലൈമാക്‌സിലെ ഫൈറ്റില്‍ 200 പേരെ ഒരാള്‍ ഇടിച്ചിടുന്നുണ്ട്. ആളുകള്‍ കൈയടിക്കുമ്പോള്‍ അതാണവര്‍ക്ക് ഇഷ്ടമെന്നാണ് എനിക്ക് മനസിലായത്. അതെനിക്ക് ദഹിക്കില്ല. തലമുറകളുടെ വ്യത്യാസം വരുന്നത് കൊണ്ടാണത്’. സുരേഷ് കുമാര്‍ പറഞ്ഞു.