Malayalam
ദാസനും വിജയനും അറബിവേഷത്തിലെത്തിയ ക്രൗണ്‍ പ്ലാസ അടച്ച് പൂട്ടുന്നു
ദാസനും വിജയനും അറബിവേഷത്തിലെത്തിയ ക്രൗണ്‍ പ്ലാസ അടച്ച് പൂട്ടുന്നു
തമിഴ്‌നാട്ടിലെ പ്രമുഖ നക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസ അടച്ച് പൂട്ടുന്നു. 38 വര്‍ഷമായി നഗരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഹോട്ടല്‍ പൂട്ടുന്ന വിവരം ഈ മാസം 21നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഡിസംബര്‍ 20നാണ് ഹോട്ടല്‍ പൂര്‍ണമായും അടയ്ക്കുന്നത്. ഒന്നര ഏക്കറില്‍ ഇനി ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട സിനിമയായ നാടോടിക്കാറ്റിലെ ഒരു രംഗം ഈ ഹോട്ടലിലായിരുന്നു ചിത്രീകരിച്ചിരുന്നത്. മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും അറബിവേഷത്തിലെത്തുന്ന സ്ഥലമാണ് ഇവിടം. നര്‍മ്മരസമാര്‍ന്ന നിരവധി രംഗങ്ങളാണ് ഇവിടെ വച്ച് ചിത്രീകരിച്ചത്. ഇത് കൂടാതെ, ചില തമിഴ് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
1981ല്‍ ഹോളിഡേ ഇന്‍ എന്നപേരില്‍ ടിടി വാസു എന്ന വ്യവസായിയാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. പിന്നീട് അഡയാര്‍ ഗേറ്റ് എന്ന് പേരുമാറ്റുകയായിരുന്നു. പിന്നീട് ഹോട്ടല്‍ വസ്ത്രകയറ്റുമതി സ്ഥാപനമായ ഗോയല്‍സ് വാങ്ങി. അതിനുശേഷം ഐടിസി യുടെ നിയന്ത്രണത്തിലുള്ള പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടല്‍സ് സ്വന്തമാക്കി. ഇതിന് ശേഷം ഐടിസി ഗ്രൂപ്പ് ഗ്രാന്‍ഡ് ചോള ഹോട്ടല്‍ നിര്‍മ്മിച്ചതോടെയാണ് ക്രൗണ്‍പ്ലാസ ചെന്നൈ അഡയാര്‍ പാര്‍ക്ക് എന്ന പേരിലേക്ക് മാറ്റിയത്.