Hollywood
ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്‌ലര്‍ പുറത്ത്!
ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്‌ലര്‍ പുറത്ത്!
90സി കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയ തുളുമ്പുന്ന ഓര്‍മ്മയാണ് ലയണ്‍ കിംഗ് എന്ന കാര്‍ട്ടൂണ്‍ പടം. വാള്‍ട്ട് ഡിസ്‌നിയുടെ സിംബ എന്ന സിംഹക്കുട്ടിയുടെ കഥ കാര്‍ട്ടൂണ്‍ ചിത്രമായി മാറിയപ്പോള്‍ അത് സിനിമാചരിത്രത്തിലെ ക്ലാസിക്കായി. ഡിസ്‌നി അത് വീണ്ടും പുനരാവിഷ്‌കരിച്ചിരുന്നു. പുതിയ കാലത്ത് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഒരു ക്ലാസിക്ക് സിനിമയെ വീണ്ടും പ്രേക്ഷകന് മുന്നില്‍ എത്തിച്ചിരുന്നത്.
ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഡിസ്‌നിയുടെ ‘ലയണ്‍ കിംഗി’ന് ശേഷം ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ലോകമെമ്പാടുമുള്ള ലയണ്‍ കിംഗ് ആരാധകര്‍ ഏറ്റെടുത്തത്. ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥയ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകരെ ആവേശത്തിലാക്കുകയാണ്. കരുത്തനായ സിമ്പയുടെ ശക്തനായ പിതാവ് മുഫാസയുടെ കഥയാണ് ‘മുഫാസ: ദ ലയണ്‍ കിംഗി’ലൂടെ പറയുന്നത്. ബാരി ജെങ്കിന്‍സാണ് സംവിധാനം നിര്‍വഹിക്കുന്നത്.
അനാഥനില്‍ നിന്ന് മുഫാസ എങ്ങനെ അധികാരത്തിലെത്തുന്നു എന്നതും അതിലേയ്ക്കുള്ള യാത്രയുമാണ് കഥ പറയുന്നത്. 1994ല്‍ ഒരുങ്ങിയ ഡിസ്‌നിയുടെ ആനിമേറ്റഡ് ക്ലാസിക്, ദ ലയണ്‍ കിംഗിനെ അടിസ്ഥാനമാക്കിയുള്ള കഥ, 2019ല്‍ ജോണ്‍ ഫാവ്‌റോ ഏറ്റെടുത്തുകൊണ്ട് ദ ലയണ്‍ കിംഗ് വീണ്ടും ഒരുക്കി.
ചിത്രത്തില്‍ റാഫിക്കിയായി ജോണ്‍ കാനി, പുംബയായി സേത്ത് റോജന്‍, ടിമോനായി ബില്ലി ഐക്‌നര്‍, സിംബയായി ഡൊണാള്‍ഡ് ഗ്ലോവര്‍, നളയായി ബിയോണ്‍സ് നോള്‍സ്‌കാര്‍ട്ടര്‍ എന്നിവരാണ് ശബ്ദം നല്‍കുന്നത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും മുഫാസ നിരാശപ്പെടുത്തില്ല എന്നും ട്രെയ്‌ലര്‍ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഡിസംബര്‍ 20നാണ് മുഫാസ ആഗോള തലത്തില്‍ റിലീസ് ചെയ്യുക.