Tamil
ഫുള്‍ എനര്‍ജിയില്‍ രജനീകാന്ത്… ദര്‍ബാര്‍ ഒരു രജനി ഷോയോ?
ഫുള്‍ എനര്‍ജിയില്‍ രജനീകാന്ത്… ദര്‍ബാര്‍ ഒരു രജനി ഷോയോ?
ഏ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാര്‍ പുറത്തിറങ്ങിയിരിക്കുന്നു. പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുരുകദോസ് ചിത്രങ്ങളുടെ ഏറ്റവും വലിയ ഹൈലറ്റുകളില്‍ ഒന്നാണ് നിയമത്തിന് മേലെ ജീവിതങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നായകന്‍. അതിനാല്‍ തന്നെ അയാള്‍ നിയമങ്ങള്‍ തെറ്റിക്കുകയും ചെയ്യും. അത്തരത്തില്‍ തന്നെ ഉള്ളൊരു മറ്റൊരു നായകനെയാണ് ദര്‍ബാറിലൂടെ അവതരിപ്പിച്ചിരിക്കുന്നതും. തലൈവരും മുരുകദോസും ഒന്നിച്ചപ്പോള്‍ ഒരു വിരുന്ന് തന്നെ പ്രേക്ഷകരും പ്രതീക്ഷിച്ചിട്ടുണ്ട്.
പേട്ടക്ക് പിന്നാലെ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ഷോ തന്നെയാണ് ദര്‍ബാര്‍. ഈ ഒരു പ്രായത്തിലും ഇത്ര എനര്‍ജിയോടെ തലൈവര്‍ നിറഞ്ഞാടുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു പക്കാ എന്റര്‍ടൈനര്‍ തന്നെയാണ് പ്രേക്ഷകര്‍ക്കും ലഭിച്ചിരിക്കുന്നത്. മുംബൈ നഗരത്തിലെ മയക്കുമരുന്ന് മാഫിയയെ ഉന്മൂലനം ചെയ്യുവാന്‍ എത്തുന്ന പോലീസ് ഓഫീസറാണ് ആദിത്യ അരുണാചലം. നിയമത്തിന്റെ വഴിയേ നടക്കാത്ത ആദിത്യ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥിരം നോട്ടപ്പുള്ളിയുമാണ്. ഡ്രഗ് സപ്ലൈര്‍മാരില്‍ പ്രധാനിയായ അജയ് മല്‍ഹോത്രയെ ഇല്ലാതാക്കിയതിന് പിന്നാലെ ഹരി ചോപ്ര എന്ന ഗ്യാങ്സ്റ്റര്‍ ആദിത്യയെയും മകള്‍ വല്ലിയേയും ലക്ഷ്യമിട്ട് രാജ്യത്തിലേക്ക് തിരികെ എത്തുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങള്‍ രജനികാന്ത് ഫാന്‍സിനെ ആവേശത്തില്‍ നിറക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.
രജനികാന്തിന്റെ സ്റ്റാര്‍ഡം അതിന്റെ പൂര്‍ണതയില്‍ തന്നെ ഉപയോഗിച്ചപ്പോള്‍ മറ്റുള്ളവരുടെ കഥാപാത്രങ്ങള്‍ക്ക് വലിയ സ്‌പേസ് കൊടുക്കുവാന്‍ സാധിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ്. പക്ഷേ രജനികാന്തിന്റെ മകളായി നിവേദ തോമസ് മികച്ച കൈയ്യടി നേടിയെടുക്കുകയും ചെയ്തു. തലൈവരുമൊത്ത് മികച്ച ഒരു കെമിസ്ട്രി നിലനിര്‍ത്തിയ നിവേദ സോളോ സീനുകളിലും മികച്ചു നിന്നു. നയന്‍താരക്കും എടുത്തു പറയത്തക്ക പ്രാധാന്യം ലഭിച്ചില്ല. സുനില്‍ ഷെട്ടിയില്‍ നിന്നും പ്രതീക്ഷിച്ച ഒരു വില്ലനിസം കാണാന്‍ സാധിക്കാത്തതും ഒരു കുറവാണ്. പക്ഷേ അതിനെയെല്ലാം അനിരുദ്ധിന്റെ മാസ്സ് മ്യൂസിക്കും സന്തോഷ് ശിവന്റെ മികച്ച കാമറ വര്‍ക്കും ഒരു പരിധി വരെ പ്രാധാന്യം ഇല്ലാത്തവയാക്കി തീര്‍ക്കുന്നു. ഒരു മുരുഗദോസ് ചിത്രം കാണാന്‍ പോകുന്നവര്‍ക്ക് നിരാശ പടം നല്കുമെങ്കിലും ഒരു പക്കാ രജനികാന്ത് ഷോ കാണാന്‍ പ്രതീക്ഷകളുടെ അമിത ഭാരം ഇല്ലാതെ പോകുന്നവര്‍ക്ക് പക്കാ ട്രീറ്റ് തന്നെയാണ് ദര്‍ബാര്‍.
rajani darbhar
