മാതാപിതാക്കൾ രണ്ടുപേരും നിരീശ്വരവാദികളാണെന്നും കുട്ടിക്കാലം മുതൽ താൻ ദൈവ വിശ്വാസത്തിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത് ; നിത്യാ മേനോൻ
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ പ്രിയങ്കരിയാണ് താരം. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടുമാണ് നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. മലയാളിയായ നിത്യ ബാലതാരമായി സിനിമയിലെത്തിയതാണ്.
മോഹൻലാൽ നായകനായ ആകാശ ഗോപുരം എന്ന സിനിമയിലൂടെയാണ് നിത്യ ആദ്യമായി നായികയാകുന്നത്. ബാച്ചിലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ മലയാളത്തിലെ യുവനായികമാരിൽ പ്രധാനിയാവുകയായിരുന്നു താരം. തുടർന്നാണ് തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം മികച്ച അവസരങ്ങൾ നിത്യയെ തേടി എത്തുന്നത്.
ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ് നിത്യ. എല്ലാ ഭാഷകളിൽ നിന്നും കൈനിറയെ അവസരങ്ങൾ നിത്യക്ക് ലഭിക്കുന്നുണ്ട്. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും സജീവമാണ് നിത്യ. അതേസമയം സോഷ്യൽ മീഡിയയിൽ നിന്നൊക്കെ വളരെ അകലം പാലിച്ചു നിൽക്കുന്ന നടിയാണ് നിത്യ മേനോൻ. മറ്റു നടിമാരെ പോലെ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവയ്ക്കാനോ വിശേഷങ്ങൾ പങ്കുവയ്ക്കാനോ നിത്യ താല്പര്യപ്പെടാറില്ല.
അതുകൊണ്ട് തന്നെ നിത്യയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരാധകരിലേക്ക് എത്തുന്നതും കുറവാണ്. അഭിമുഖങ്ങളിൽ ആണെങ്കിലും തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ താരം അങ്ങനെ പങ്കുവയ്ക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിത്യ തന്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.
തന്റെ മാതാപിതാക്കൾ രണ്ടുപേരും നിരീശ്വരവാദികളാണെന്നും കുട്ടിക്കാലം മുതൽ താൻ ദൈവ വിശ്വാസത്തിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത് എന്നുമാണ് നിത്യ പറയുന്നത്. ഇതുവരെ ഞങ്ങൾ താമസിച്ചിരുന്ന വീടുകളിൽ പൂജാമുറി പോലും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ എങ്ങനെ വളർത്തുന്നു, അതിനനുസരിച്ചാകും നമ്മുടെ ശീലങ്ങൾ രൂപപ്പെടുകയെന്ന് പൊതുവെ പറയപ്പെടാറുണ്ട്. പക്ഷേ ചെറുപ്പം മുതലേ നിരീശ്വരവാദത്തിൽ വളർന്നു വന്നിട്ടും ആരുടേയും ഇടപെടലില്ലാതെ തന്നെ തനിക്ക് ഈശ്വരഭക്തി വന്നിട്ടുണ്ടെന്ന് നിത്യ പറഞ്ഞു. തന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടില്ലെന്നും നിത്യ വ്യക്തമാക്കി.
അതേസമയം വീട്ടിൽ ആരും തന്നോട് വിവാഹത്തെ കുറിച്ച് ചോദിക്കാറില്ലെന്ന് നിത്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അവൻ തന്റെ ഇഷ്ടത്തിനാണ് പ്രാധാന്യം നൽകുന്നത്. താൻ ആരെങ്കിലുമായി പ്രണയത്തിലാണെന്ന് അറിഞ്ഞാൽ തന്റെ അച്ഛനും അമ്മയും ഹാപ്പിയാകും. എങ്കിലും വിവാഹം കഴിക്കാൻ നിർബന്ധിക്കാറില്ല. മുൻപ് അമ്മുമ്മ ഉണ്ടായിരുന്നപ്പോൾ നിരന്തരം വിവാഹത്തെ കുറിച്ച് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ വലിയ നടിയാണെന്നത് ഒന്നും അമ്മുമ്മയ്ക്ക് വിഷയമായിരുന്നില്ല എന്നും നിത്യ പറഞ്ഞിരുന്നു