Social Media
ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന്‍ വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!
ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന്‍ വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!
ഛത്രപതി ശിവാജി മഹാരാജിന്റെ പുത്രന്‍ ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍. ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന്‍ വിക്കി കൗശലിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ ചോര്‍ന്നതാണോ ഔദ്യോഗികമായി പുറത്തുവിട്ടതാണോയെന്ന് വ്യക്തത വന്നിട്ടില്ല.
നീണ്ടമുടിയും താടിയും വളര്‍ത്തിയ കോസ്റ്റിയൂമിലാണ് വിക്കി കൗശല്‍ ചിത്രങ്ങളിലുളളത്. ചരിത്ര പുരുഷനിലേക്കുളള വിക്കിയുടെ വേഷപ്പകര്‍ച്ചയ്ക്ക് വലിയ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പഴയ കാലത്ത വേഷവിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് വിക്കി. കഴുത്തില്‍ രുദ്രാക്ഷമാലകളും മുടി ഉച്ചിയില്‍ ഉയര്‍ത്തികെട്ടിവെച്ചിരിക്കുന്നതും നെറ്റിയില്‍ കുറിയും കാണാം.
രശ്മിക മന്ദാനയാണ് വിക്കിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഛത്രപതി സംഭാജി മഹാരാജിന്റെ പത്‌നി യേശുഭായ് ഭോന്‍സാലെയുടെ വേഷമാണ് രശ്മിക അവതരിപ്പിക്കുന്നത്. ലുക്കാ ചുപ്പി, മിമി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ലക്ഷ്മണ്‍ ഉതേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഛാവയുടെ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചത്.
സംഭാജി മഹാരാജായി വേഷമിടാന്‍ വലിയ തയ്യാറെടുപ്പാണ് വിക്കി നടത്തിയത്. വാള്‍ പയറ്റും കുതിര സവാരിയുമൊക്കെ നാല് മാസത്തോളം എടുത്ത്് പരിശീലിച്ചിരുന്നു. ഡിസംബറില്‍ ഛാവയുടെ സെറ്റില്‍ നിന്നുളള ചിത്രം വിക്കി നേരിട്ട് പോസ്റ്റ് ചെയ്തിരുന്നു. താന്‍ ചെയ്തിട്ടുളള ഏറ്റവും ദൈര്‍ഘ്യമേറിയ ആക്ഷന്‍ സീക്വന്‍സോടെയാണ് ഈ വര്‍ഷം അവസാനിക്കുന്നതെന്ന കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്.
ദിനേശ് വിജന്റെ മഡോക്ക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഛവ എന്ന ചിത്രത്തിന് പുറമേ ‘ബാഡ് ന്യൂസ്’, ‘ലവ് ആന്‍ജ് വാര്‍’എന്നിവയും വിക്കിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മറാഠാ സാമ്രാജ്യത്തിന്റെ രണ്ടാമത്തെ ഭരണാധികാരി ഛത്രപതി ശിവാജിയുടെ മരണശേഷം പിന്‍ഗാമിയായ സംഭാജി ഒമ്പത് വര്‍ഷക്കാലം ഭരിച്ചിരുന്നു. ഈ യോദ്ധാവിന്റെ കഥയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോകുന്നത്.
