News
വിനായകനിൽ നിന്നുണ്ടായത് അപമാനകരവും നിരാശാജനകവുമായ പ്രസ്താവന, പൊതുജനങ്ങളോട് മാപ്പ് പറയുന്നു; നിരഞ്ജന അനൂപ്
വിനായകനിൽ നിന്നുണ്ടായത് അപമാനകരവും നിരാശാജനകവുമായ പ്രസ്താവന, പൊതുജനങ്ങളോട് മാപ്പ് പറയുന്നു; നിരഞ്ജന അനൂപ്
ഉമ്മൻ ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ച വിനായകനെതിരെ ചലച്ചിത്ര മേഖലയിൽ നിന്നുൾപ്പെടെ വിമർശനം ശക്തമാവുകയാണ്. ഇപ്പോഴിതാ വിനായകന്റെ പ്രസ്താവന അപമാനകരമെന്ന് നടി നിരഞ്ജന അനൂപ്. . സംഭവത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും നിരഞ്ജന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
താനും കൂടി ഉൾപ്പെടുന്ന ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന നടന്റെ മോശമായ പ്രസ്താവന മുറിവേൽപ്പിച്ച പൊതുജനങ്ങളോട് മാപ്പ് പറയുന്നു. വിനായകനിൽ നിന്നുണ്ടായത് അപമാനകരവും നിരാശാജനകവുമായ പ്രസ്താവനയാണെന്നും നടി ചൂണ്ടിക്കാട്ടി. എല്ലാവരും വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ജനനായകനോടുള്ള ബഹുമാനാർഥം താനിക്കാര്യം പറയാനാഗ്രഹിക്കുന്നു എന്നും നടി കൂട്ടിച്ചേർത്തു.
ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് വിനായകൻ നേരിടുന്നത്. ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരേ പോലീസ് കേസുമെടുത്തിട്ടുണ്ട്. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി.