Connect with us

സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ‌ സീരിയലുകൾ വേണ്ടെന്ന് വെക്കാൻ തുടങ്ങി; പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി’; ശരൺ പുതുമനയുടെ വാക്കുകൾ!

Malayalam

സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ‌ സീരിയലുകൾ വേണ്ടെന്ന് വെക്കാൻ തുടങ്ങി; പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി’; ശരൺ പുതുമനയുടെ വാക്കുകൾ!

സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ‌ സീരിയലുകൾ വേണ്ടെന്ന് വെക്കാൻ തുടങ്ങി; പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി’; ശരൺ പുതുമനയുടെ വാക്കുകൾ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന എന്ന നടൻ. അഭിനയത്തിലൂടെ മാത്രമല്ല താരത്തിന്റെ ശബ്ദവും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ് . ഒരുവിധമുള്ള മൊഴിമാറ്റ സിനിമകളിലെല്ലാം നായകന്റെ ശബ്ദം ഇദ്ദേഹത്തിന്റേതാണ്.

സ്നേഹാഞ്ജലി, ശ്രീരാമൻ ശ്രീദേവി, സമയം സംഗമം, അലകൾ, സ്ത്രീ, പൂജാപുഷ്പം, സീതാലക്ഷ്മി, അഭയം, മനപ്പൊരുത്തം തുടങ്ങി നൂറോളം സീരിയലുകൾ ശരണിന്റെ പട്ടികയിലുണ്ട്. അഭിനയത്തിനും ഡബ്ബിങിനും പുറമെ സം​ഗീതത്തിലും കമ്പമുള്ള വ്യക്തിയാണ് ശരൺ പുതുമന. അമ്മയിൽ നിന്നാണ് ശരണിന് സംഗീതം കിട്ടിയത്. പതിനാറ് വർഷം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. അന്നൊക്കെ കച്ചേരികളും നടത്തിയിരുന്നു. പാട്ടുകാരനാകണം എന്നുമാത്രം ആഗ്രഹിച്ച വ്യക്തി കൂടിയായിരുന്നു ശരൺ.

അഭിനയത്തിൽ വന്ന ശേഷമാണ് സംഗീതവുമായുള്ള ശരണിന്റെ ബന്ധം മുറിഞ്ഞത്. സീരിയലിൽ തിരക്കായ കാലത്ത് പ്രേം പൂജാരി, കൈക്കുടന്ന നിലാവ് സിനിമകളിലേക്ക് ശരണിന് ക്ഷണം ലഭിച്ചിരുന്നു. ദൂരദർശനിൽ തിരക്കായിരുന്നതുകൊണ്ട് ആ അവസരങ്ങൾ താരത്തിന് നഷ്ടമായി. ട്രാഫിക്കും മധുചന്ദ്രലേഖയുമൊക്കെ ശരണിന് കരിയറിലുണ്ടായ ‌മറ്റ് നഷ്‍ടങ്ങളാണ്. സീരിയൽ രംഗത്തേക്ക് വരുമ്പോൾ ഹരിശാന്ത് എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.

ന്യൂമറോളജി പ്രകാരം നാലക്ഷരമുള്ള പേര് നല്ലതല്ല എന്ന് അഭിപ്രായം വന്നു. ആദ്യ സീരിയൽ വംശത്തിലെ കഥാപാത്രമായ ശരത് എന്നിട്ടാലോ എന്നാലോചിച്ചതാണ്. അഭിനയ രംഗത്ത് മറ്റൊരു ശരത് നേരത്തെ ഉള്ളത് കൊണ്ടാണ് ആ പേര് ശരൺ സ്വീകരിക്കാതിരുന്നത്.

പേര് മാറ്റുന്നതിന് മുമ്പേ തന്നെ ശരൺ, ശരത്ത് എന്നിവ ആളുകൾക്ക് മാറിപ്പോയിരുന്നതിനാൽ ഫോൺകോളുകൾ പരസ്പരം മാറി വരാറുണ്ടായിരുന്നു. പേര് മാറ്റി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ സംസ്ഥാന അവാർഡിന്റെ രൂപത്തിൽ ശരണിനെ തേടി ഭാഗ്യമെത്തി. ഇപ്പോൾ ശരണെന്നാണ് മുമ്പ് പരിചയമുള്ളവർ പോലും ശരണിനെ വിളിക്കുന്നത്.

ശരണിലെ നടനെക്കാളും ഇന്ന് ആളുകൾക്ക് പരിചയം അദ്ദേഹത്തിന്റെ ശബ്ദമാണ്. ഒട്ടനവധി താരങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള ശരൺ ഡബ്ബിങിലേക്ക് എത്തിയതെങ്ങനെ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ‘ഡബ്ബിങിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിവാഹശേഷമാണ് ഡബ്ബിങ് ആരംഭിക്കുന്നത്.’

‘അഭിനയം, ഡബ്ബിങ് ഇവയിലൊക്കെ ശക്തമാകണം എന്ന് ഭാര്യയും ഭാര്യ വീട്ടുകാരും നിത്യവും പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാര്യയുടെ അച്ഛൻ പഴയ നടനും നിർമാതാവുമായിരുന്നു. അദ്ദേഹം എനിക്ക് ഒരുപാട് പേരെ പരിചയപ്പെടുത്തി തന്നു. സീരിയലിൽ നിന്നാൽ സിനിമ കിട്ടില്ലെന്ന ധാരണ ആളുകളിൽ ഉള്ള കാലമായിരുന്നു. അതിനാൽ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ‌ ഞാനും സീരിയലുകൾ വേണ്ടെന്ന് വെക്കാൻ തുടങ്ങി. പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി. പിന്നെ എന്തെങ്കിലും വരുമാനം വേണ്ടെ എന്ന് കരുതിയാണ് ഡബ്ബിങ് ആരംഭിച്ചത്.

അതാകുമ്പോൾ സംവിധായകരെ നേരിട്ട് കണ്ട് ചാൻസ് ചോദിക്കാനും പറ്റും. അങ്ങനെ തുടങ്ങിയ പരിപാടി ആണ്. ഡബ്ബ് ചെയ്ത് തുടങ്ങിയപ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലായത്. ഇപ്പോൾ ഷാരൂഖ് ഖാൻ, വിവേക് ഒബ്റോയ്, രാംചരൺ, ജൂനിയർ എൻടിആർ, നാനി, വിക്രം, അജിത്ത്, സൂര്യ തുടങ്ങി നിരവധി താരങ്ങൾക്കും ഡബ്ബ് ചെയ്തിട്ടുണ്ട്. നടൻ ബാലയുടെ സ്ഥിരം ശബ്ദമാണ് ഞാൻ. അദ്ദേഹത്തോട് ഞാൻ നല്ല സൗഹൃദത്തിലാണ്. ഞാനില്ലെങ്കിൽ ബാലയോ.. ബാലയില്ലെങ്കിൽ ‍ഞാനോ ഉണ്ടാകില്ലെന്ന അവസ്ഥയാണ്. അദ്ദേഹത്തിന്റെ ശരീര പ്രകൃതിക്ക് കൂടുതൽ ചേർച്ച എന്റെ ശബ്ദമാണ്’ ശരൺ പുതുമന പറയുന്നു.

അച്ഛൻ കാളിദാസ് പുതുമന നാടകകൃത്തും അധ്യാപകനുമായിരുന്നു. അമ്മ ശാന്തിനി വീട്ടമ്മയും. 1991ൽ എസ്എസ്എൽസി കഴിഞ്ഞിരിക്കുന്ന സമയത്ത് താരത്തിന്റെ അച്ഛന്റെ ഒരു ഷോർട് ഫിലിമിലൂടെയാണ് ശരൺ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലെ ആദ്യ മെഗാസീരിയലിലെ നായകനാകാനുള്ള ഭാഗ്യവും ശരണിന് ലഭിച്ചിട്ടുണ്ട്. 1996ൽ ദൂരദർശനിലെ വംശം എന്ന സീരിയലായിരുന്നു അത്.

പിന്നീട് നിരവധി ടിവി ചാനലുകൾ വന്നതോടെ സീരിയൽ മേഖലയിൽ കൂടുതൽ സജീവമായി. മലയാളത്തിലെ ന്യൂജൻ താരങ്ങൾ അടക്കം പലർക്കും തുടക്കകാലത്ത് ശബ്ദം നൽകിയത് ശരൺ പുതുമന ആയിരുന്നു. മിക്ക മൊഴിമാറ്റ സിനിമകളിലും നായകന്മാർക്ക് ശബ്ദം കൊടുത്തു. ശേഷം മിനിസ്ക്രീനിനൊപ്പം സിനിമയിലും ശരൺ അഭിനയിച്ച് തുടങ്ങി. മുപ്പത് വർഷത്തിൽ ഏറെയായി ശരൺ പുതുമന സീരിയലിലും സിനിമയിലും സജീവമാണ്. സീരിയലുകൾ തുടങ്ങിയ കാലത്ത് നിരവധി കഥാപാത്രങ്ങൾ ചെയ്യാൻ ശരണിന് സാധിച്ചിരുന്നു.

about sharan

More in Malayalam

Trending

Recent

To Top