Malayalam
എന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു; ആ സീൻ കഴിഞ്ഞ് നോക്കിയപ്പോൾ വെള്ളസാരിയില്‍ നിറയെ രക്തം ; സത്യനുമായുള്ള നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഷീല
എന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു; ആ സീൻ കഴിഞ്ഞ് നോക്കിയപ്പോൾ വെള്ളസാരിയില്‍ നിറയെ രക്തം ; സത്യനുമായുള്ള നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ഷീല
‘തങ്കക്കിനാവില്‍ ഏതോ സ്മരണയുടെ തംബുരു ശ്രുതി മീട്ടി’ മലയാളിയുടെ മനസ്സിലേക്ക് കടന്നുവന്ന നടന്‍, സത്യന്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. അഭിനയ ജീവിതത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ പൊടുന്നനെ വിടപറഞ്ഞ മലയാള സിനിമയുടെ സ്വന്തം സത്യന്‍ മാസ്റ്റര്‍.
നസീര്‍-സത്യന്‍ ദ്വയത്തിലായിരുന്നു ഏറെക്കാലം മലയാള സിനിമ. 1971 ല്‍ തന്റെ 59-ാം വയസില്‍ രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു സത്യന്റെ മരണം. ഈ വരുന്ന ജൂണ്‍ 15 ന് സത്യന്‍ മരിച്ചിട്ട് 50 വര്‍ഷം തികയുകയാണ്. രോഗം കലശലായ സമയത്തും സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഓടി നടക്കുന്ന നടനായിരുന്നു സത്യന്‍.
അത്തരമൊരു അനുഭവുമായി എത്തിയിരിക്കുകയാണ് നടി ഷീല. ‘ അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ സത്യന്റെ മൂക്കില്‍ നിന്ന് രക്തം വന്നെന്നും എന്നാല്‍ അതൊന്നും വകവെക്കാതെ അദ്ദേഹം തനിയെ കാറോടിച്ച് ആശുപത്രിയില്‍ പോകുകയാണുണ്ടായതെന്നും ഷീല പറയുന്നു.
‘ഷൂട്ടിംഗ് സമയത്ത് വെള്ളസാരിയാണ് ഞാന്‍ ഉടുത്തിരുന്നത്. രാത്രിയില്‍ ഒരു മരത്തിന് ചുവട്ടില്‍ അദ്ദേഹം എന്റെ മടിയില്‍ തലവെച്ച് സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ സാരിയില്‍ നിറയെ രക്തം. നോക്കുമ്പോള്‍ സത്യന്‍ സാറിന്റെ മൂക്കില്‍ നിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു,’ ഷീല പറയുന്നു.
രക്താര്‍ബുദമാണെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അത്രത്തോളം ഗുരുതരമാണെന്ന് അന്നാണ് മനസിലാക്കിയതെന്നും ഷീല പറയുന്നു. വെള്ള തുണിയെടുത്ത് ഒരു കൈ കൊണ്ട് മൂക്ക് തുടച്ചും മറുകൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ചും സത്യന്‍ ഒറ്റയ്ക്ക് കാറോടിച്ച് പോകുകയായിരുന്നെന്നും ഷീല പറയുന്നു.
ത്യാഗസീമ എന്ന സിനിമയിലൂടെയാണ് സത്യന്‍ എന്ന അതുല്യ പ്രതിഭ മലയാള സിനിമയിലേക്ക് എത്തുന്നത്. നസീറിന്റെ ആദ്യ സിനിമയും ഇതായിരുന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയില്ല. ആത്മസഖിയാണ് സത്യന്‍ അഭിനയിച്ച് ആദ്യം റിലീസ് ആയ സിനിമ. 1969 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം ലഭിച്ചത് സത്യനായിരുന്നു. 1971 ലും അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.
about sheela and sathyan
