News
രവീന്ദര്‍ അറസ്റ്റിലായത് ഞെട്ടിച്ചു, ഭര്‍ത്താവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നു; മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖറും വേര്‍പിരിയുന്നുവെന്ന് വാര്‍ത്തകള്‍
രവീന്ദര്‍ അറസ്റ്റിലായത് ഞെട്ടിച്ചു, ഭര്‍ത്താവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നു; മഹാലക്ഷ്മിയും രവീന്ദര്‍ ചന്ദ്രശേഖറും വേര്‍പിരിയുന്നുവെന്ന് വാര്‍ത്തകള്‍
കഴിഞ്ഞ കുറച്ചധികം നാളുകളായി തമിഴകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി മഹാലക്ഷ്മിയുടെ വിവാഹം. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹവാര്‍ത്ത പുറത്തെത്തിയ അന്ന് മുതല്‍ ഈ താരദമ്പതികള്‍ നിരന്തരം ബോഡി ഷെയിമിംഗിനും കടുത്ത സൈബര്‍ ആക്രമണത്തിനുമാണ് ഇരയായികൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ വണ്ണമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്.
ബോഡി ഷെയിമിംഗ് കടുത്തെങ്കിലും ദമ്പതികള്‍ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. കളിയാക്കലുകള്‍ക്കിടയിലും തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. അത്തരത്തില്‍ സന്തോഷകരമായി മുന്നോട്ട് നീങ്ങവെയാണ് മറ്റൊരു പ്രതിസന്ധി രവീന്ദറിനും മഹാലക്ഷ്മിക്കും നേരിടേണ്ടി വന്നത്. അടുത്തിടെയാണ് പണം തട്ടിപ്പ് കേസില്‍ രവീന്ദര്‍ അറസ്റ്റിലായത്.
16 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രവീന്ദറിനെതിരെ വന്നത്. പവര്‍ പ്രൊജക്ടില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്ന് പണം വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങിയില്ലെന്നും നല്‍കിയ പണം തിരികെ കാെടുത്തില്ലെന്നുമാണ് പരാതിക്കാര്‍ ആരോപിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രവീന്ദര്‍ അറസ്റ്റിലായത്. ഇത് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രവീന്ദറിനെതിരെ മറ്റ് പരാതികളും വന്നതായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ട്.
ഇതിനിടെ മഹാലക്ഷ്മിയെക്കുറിച്ച് ചില അഭ്യൂഹങ്ങളും പുറത്ത് വന്നു. രവീന്ദര്‍ അറസ്റ്റിലായത് മഹാലക്ഷ്മിയെ ഞെട്ടിച്ചെന്നും നടിക്ക് ഭര്‍ത്താവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നുമാണ് വിവരം. കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നു. വിവാഹത്തിന് മുമ്പ് ഇക്കാര്യം തന്നില്‍ നിന്ന് മറച്ച് വെച്ചു. രവീന്ദര്‍ തന്നെ വഞ്ചിച്ചെന്നും മഹാലക്ഷ്മി സുഹൃത്തുക്കളോട് പറഞ്ഞെന്ന് തമിഴ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ദമ്പതികളെക്കുറിച്ച് നേരത്തെയും സമാന ഗോസിപ്പുകള്‍ വന്നതാണ്. എന്നാല്‍ ഇവയൊന്നും സത്യമായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ മഹാലക്ഷ്മി ഇപ്പോഴും ഫോട്ടോകള്‍ പങ്കുവെക്കുന്നതിനെതിരെ നടിക്ക് കുറ്റപ്പെടുത്തലുകള്‍ വരുന്നുണ്ട്. ഭര്‍ത്താവ് ജയിലിലായിരിക്കെയും സന്തോഷത്തിലാണല്ലോ എന്നാണ് അധിക്ഷേപം.
രവീന്ദറിനെ വിവാഹം ചെയ്യാന്‍ ആദ്യം മഹാലക്ഷ്മി മടിച്ചിരുന്നു. ആദ്യ വിവാഹത്തിലെ അനുഭവങ്ങളാണ് നടിയെ പിന്നോട്ട് വലിച്ചത്. അനില്‍ എന്നാണ് മഹാലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. 2019 ലാണ് ഇവര്‍ വേര്‍പിരിയുന്നത്. അനില്‍ തന്നെ ഉപദ്രവിച്ചെന്നും ഇദ്ദേഹത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും മഹാലക്ഷ്മി ആരോപിച്ചിരുന്നു. എന്നാല്‍ ഈശ്വര്‍ രഘുനാഥ് എന്ന നടനുമായി മഹാലക്ഷ്മി ബന്ധമുണ്ടെന്നാണ് അനില്‍ ആരോപിച്ചത്.
ഈശ്വര്‍ രഘുനാഥിന്റെ ഭാര്യയും സമാന ആരോപണവുമായെത്തി. എന്നാല്‍ പിന്നീട് മഹാലക്ഷ്മി തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കി അനില്‍ ഒരു പത്രസമ്മേളനം നടത്തി. എല്ലാം മറന്ന് ജീവിക്കാമെന്നും ദയാവായി തന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തണമെന്നും അനില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മഹാലക്ഷ്മി ഇതിന് തയ്യാറായില്ല.
പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രവീന്ദറിനെ നടി വിവാഹം ചെയ്യുന്നത്. രവീന്ദറിന്റെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. പരസ്പരം മനസിലാക്കിയാണ് മഹാലക്ഷ്മിയെ വിവാഹം ചെയ്തതെന്ന് നേരത്തെ രവീന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വിവാഹസമയത്തും മഹാലക്ഷ്മിക്കെതിരെ കുറ്റപ്പെടുത്തലുകള്‍ വന്നിട്ടുണ്ട്. രവീന്ദര്‍ പണക്കാരനായതിനാലാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായതെന്നും പണം മാത്രമാണ് മഹാലക്ഷ്മി ലക്ഷ്യം വെക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ തനിക്ക് രവീന്ദറിന്റെ പണം കണ്ടല്ല വിവാഹം ചെയ്തതെന്ന് മഹാലക്ഷ്മി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ ശരീരഭാരം തന്നെ ആശങ്കപ്പെടുത്തിയിട്ടില്ല. ആരോഗ്യസംബന്ധമായ കാരണങ്ങള്‍ കൊണ്ടല്ലാതെ തനിക്ക് വേണ്ടി വണ്ണം കുറയ്‌ക്കേണ്ടെന്നാണ് ഭര്‍ത്താവിനോട് പറഞ്ഞത്. തന്റെ ഭര്‍ത്താവിനെ മാത്രമല്ല, ആരെയും ശരീരത്തിന്റെ പേരില്‍ കളിയാക്കരുതെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വിവാഹം ചെയ്യുമ്പോള്‍ തന്റെ ശരീരഭാരത്തില്‍ ആത്മവിശ്വാസക്കുറവ് തോന്നിയിരുന്നെന്ന് രവീന്ദര്‍ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് മുമ്പ് വിദേശത്ത് പോയി വണ്ണം കുറയ്ക്കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ മഹാലക്ഷ്മിയാണ് അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതെന്നും അന്ന് രവീന്ദര്‍ ഓര്‍ത്തു.
വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അടുത്തിടെ രവീന്ദര്‍ സംസാരിച്ചു. ഒരു വ്യക്തിക്ക് ജീവിതം ആസ്വദിക്കണമെങ്കില്‍ ഇഷ്ടപ്പെടുന്ന പെണ്ണ് കൂടെ വേണം. അങ്ങനെയാെരു ജീവിതം വിവാഹത്തിലൂടെ മാത്രമേ ലഭിക്കൂ. ലിവിംഗ് ടുഗെദറില്‍ ഉത്തരവാദിത്വമില്ല. വിവാഹമെന്നത് രണ്ട് വ്യക്തികള്‍ക്കൊപ്പം കുടുംബങ്ങള്‍ ഒന്നിക്കുന്ന സമ്പ്രദായമാണെന്നും രവീന്ദര്‍ അഭിപ്രായപ്പെട്ടു.
2013 ല്‍ ‘സുട്ട കഥൈ’ എന്ന സിനിമയിലൂടെയാണ് രവീന്ദര്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഒരുപിടി തമിഴ് സിനിമകള്‍ ഇദ്ദേഹം നിര്‍മ്മിച്ചു. ‘നളനും നന്ദിനിയും’, ‘കോലൈ നോക്ക് പാര്‍വെ’, ‘കല്യാണം’ തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. 2022 ല്‍ സംവിധാന രംഗത്തേക്കും രവീന്ദര്‍ കടന്ന് വന്നു. ‘മാര്‍ക്കണ്ഡേയ മഗലിര്‍ കല്ലൂരിയം’ എന്ന സിനിമയാണ് രവീന്ദര്‍ സംവിധാനം ചെയ്തത്.
