News
ഉദ്ദേശിച്ചത് വേറിട്ട പബ്ലിസിറ്റി മാത്രം; ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; വീഡിയോയുമായി സണ്ണിവെയ്‌നും ലുക്മാനും
ഉദ്ദേശിച്ചത് വേറിട്ട പബ്ലിസിറ്റി മാത്രം; ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; വീഡിയോയുമായി സണ്ണിവെയ്‌നും ലുക്മാനും
കഴിഞ്ഞ ദിവസം രാത്രി യുവനടന്മാരായ സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള അടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വളരെ ചെറിയ വീഡിയോ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. നിരവധി പേര്‍ ചുറ്റും കൂടി നിന്ന് ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഒരു അടിച്ചിട്ട മുറിയിലായിരുന്നു സംഭവം നടന്നത്. ഇടയ്ക്ക് ഇരുവരേയും പിടിച്ച് മാറ്റാന്‍ എത്തിയവര്‍ തമ്മില്‍ തല്ലരുതെന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു.
വീഡിയോ വൈറലായതോടെ ആരാധകരെല്ലാം സംഭവം എന്താണെന്ന് തിരക്കി ഇറങ്ങി. ചിലര്‍ ഇത് ഒരു പ്രമോഷനാകമെന്ന നിഗമനത്തില്‍ എത്തി. മറ്റ് ചിലര്‍ ഇരുവരും യഥാര്‍ഥത്തില്‍ തല്ല് കൂടിയതാകാം എന്നാണ് വീഡിയോ വിലയിരുത്തി പറഞ്ഞത്. അടി നടക്കുന്നതിനിടയില്‍ താരങ്ങള്‍ അറിയാതെ ആരോ പകര്‍ത്തി പങ്കുവെച്ചത് പോലെയാണ് വീഡിയോ കാണുമ്പോള്‍ മനസിലാകുന്നത്.
അതുകൊണ്ട് തന്നെ പ്രമോഷനായിരിക്കില്ലെന്നും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം വന്നപ്പോള്‍ വഴക്ക് കൂടിയതാകാമെന്നും ചിലര്‍ കരുതി. ഇപ്പോഴിതാ ഒരു വിഭാഗം ചിന്തിച്ചത് പോലെ തന്നെ അതൊരു പ്രമോഷന്‍ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സണ്ണി വെയ്ന്‍. നടനും ലുക്മാന്‍ അവറാനും ഒരുമിക്കുന്ന പുതിയ ചിത്രം ടര്‍ക്കിഷ് തര്‍ക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്‌നും ലുക്മാനും പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. സണ്ണി വെയ്ന്‍ ഭാഗമായ മറ്റൊരു ചിത്രമാണ് ആസിഫ് അലി, വിനായകന്‍ എന്നിവരും അഭിനയിച്ചിട്ടുള്ള കാസര്‍ഗോള്‍ഡ്.
സിനിമയുടെ പ്രമോഷനായി എത്തിയപ്പോഴും കഴിഞ്ഞ ദിവസത്തെ അടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സദസില്‍ നിന്ന് ഉയര്‍ന്നപ്പോള്‍ സണ്ണി വെയ്ന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… ‘ടര്‍ക്കിഷ് തര്‍ക്കം സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി.’ ‘ആ സിനിമ റിലീസ് ചെയ്യാനുള്ള പ്ലാനാണ്. അതിന് മുമ്പ് ആളുകളിലേക്ക് ആ സിനിമയുടെ പേരും കാര്യങ്ങളും എത്തിക്കണമായിരുന്നു.
പ്രൊഡ്യൂസേഴ്‌സ് ആവശ്യപ്പെട്ടതുകൊണ്ട് അവര്‍ അങ്ങനൊരു പ്ലാന്‍ പറഞ്ഞതുകൊണ്ടാണ് അടികൂടുന്ന വീഡിയോ ചെയ്തത്. അതിന്റെ ബിഹൈന്റ് ദി സീന്‍സ് ഉടനെ പുറത്ത് വിടും. അപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ്’, എന്നും സണ്ണി വെയ്ന്‍ പറഞ്ഞത്. എന്നാല്‍ പ്രമോഷന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ച വീഡിയോയാണെന്ന് വെളിപ്പെടുത്തല്‍ വന്നതോടെ പ്രേക്ഷകരില്‍ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചു.