മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്, അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്’
നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത് കേരളത്തെയാകെ വിഷമത്തിലാഴ്ത്തിയ വാർത്തയായിരുന്നു . നിരവധി മിമിക്രി വേദികളില്‍, ടെലിവിഷന്‍ പരിപാടികളില്‍, സിനിമകളില്‍ നമ്മുടെ മുഖത്ത് ചിരി പടർത്തിയ സുധിയെന്ന കലാകാരന്‍ വിടപറഞ്ഞുവെന്ന വാർത്ത പലർക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.ആ ആഘാതത്തില്‍ നിന്നും അദേഹത്തിന്റെ പ്രിയപ്പെട്ടവർ ഇന്നും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള സുധി സ്റ്റാര്‍ മാജിക്കിലൂടെ മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു.
എന്നും ചിരിച്ചു മാത്രം പ്രേക്ഷകർ കണ്ടിട്ടുള്ള സുധിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ തട്ടിയെടുക്കുന്നതും. ജൂൺ അഞ്ചിന് വടകരയില്‍ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നതിനിടെ തൃശ്ശൂരിൽ വച്ചുണ്ടായ കാർ അപകടത്തിലാണ് കൊല്ലം സുധി മരണപ്പെടുന്നത്.
മാസം രണ്ടു കഴിഞ്ഞെങ്കിലും കൊല്ലം സുധി കൂടെയില്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ പറയുന്നത്. സുധി ഷൂട്ടിനായി എവിടെയോ പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സഹതാരങ്ങൾ പോലും കരുതുന്നത്. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്.
സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മകനായ റിതുല്‍ സ്‌കൂളിലെ ഓണപ്പരിപാടിക്ക് പോവുന്നതിന്റെ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് രേണു.
‘മക്കള്‍ക്ക് എന്തറിയാം, അവരുടെ സ്‌കൂളില്‍ ഓണാഘോഷമാണ്. മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്’, എന്ന് കുറിച്ചു കൊണ്ടാണ് രേണു ചിത്രം പങ്കുവച്ചത്. കൊല്ലം സുധി ഷൂട്ടിനായി പോയിരിക്കുകയാണെന്നായിരുന്നു അച്ഛനെക്കുറിച്ച് ചോദിച്ചവരോടെല്ലാം റിതുല്‍ പറയാറുള്ളത്.പ്രണയിച്ച് വിവാഹിതരായവരാണ് സുധിയും രേണുവും. സുധിയുടെ പരിപാടികൾ കണ്ടാണ് രേണുവിന് അദ്ദേഹത്തോട് ഇഷ്ടം തോന്നുന്നത്.
ഇഷ്ടം പറഞ്ഞപ്പോൾ നേരത്തെ വിവാഹിതനായിരുന്നു, അതിലൊരു മകനുണ്ട് അവന് അമ്മയായി കൂടെ വരാമോ എന്നാണ് സുധിച്ചേട്ടന്‍ തന്നോട് ചോദിച്ചതെന്ന് രേണു പറഞ്ഞിരുന്നു. അന്ന് മുതൽ സുധിയുടെ ആദ്യ ബന്ധത്തിലെ മകനായ കിച്ചുവിനെ മൂത്ത മകനെപ്പോലെയാണ് രേണു കാണുന്നത്. അവന്‍ അമ്മേ എന്നാണ് രേണുവിനെ വിളിക്കുന്നത്. അവര്‍ നല്ല കൂട്ടാണെന്ന് ഒരിക്കൽ സുധി തന്നെ പറഞ്ഞിരുന്നു.
സ്വന്തമായൊരു വീടെന്ന വലിയ സ്വപ്‌നം സാക്ഷാത്ക്കരിക്കും മുൻപായിരുന്നു സുധിയുടെ വിയോഗം. ഉള്ള കടങ്ങളൊക്കെ തീര്‍ത്ത് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു സുധി. വാടകവീട്ടില്‍ നിന്നും മാറി നമുക്ക് സ്വന്തമായൊരു വീട് വേണം. എങ്ങനെയായാലും ഞാന്‍ അത് സാധ്യമാക്കുമെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു രേണു പറഞ്ഞിരുന്നു. സുധിയുടെ ആ സ്വപ്നം ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുകയാണ്.
അടുത്തിടെ സുധിയുടെ കുടുംബത്തിനുള്ള വീടിന്റെ തറക്കല്ലിടൽ നടന്നിരുന്നു. ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ റിതുലിന്റേയും രാഹുലിന്റേയും പേരിൽ നൽകിയ ഏഴ് സെന്റ് ഭൂമിയിലാണ് സുധിയുടെ സ്വപ്നം പോലെ ഭാര്യക്കും മക്കൾക്കുമായി വീട് ഉയരുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്.