Tamil
‘ജയിലര്‍ 2’ എത്തുന്നത് ഈ മാസ് പേരില്‍?!; പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ജൂണില്‍
‘ജയിലര്‍ 2’ എത്തുന്നത് ഈ മാസ് പേരില്‍?!; പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ജൂണില്‍
രജനികാന്ത് ആരാധകരും പ്രേക്ഷകരും ഒരുപോലെ കൊണ്ടാടിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം തമിഴ് നാട്ടില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടിയെടുത്തത്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജയിലറിന് സീക്വല്‍ ഒരുങ്ങാനുള്ള സാധ്യതയെക്കുറിച്ച് നെല്‍സണ്‍ തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാലിന്റേയും ശിവകുമാറിന്റെയും കഥാപാത്രങ്ങളുടെ ഫ്‌ലാഷ് ബാക്ക് ഉള്‍പ്പെടുത്തി നെല്‍സണ്‍ യൂണിവേഴ്‌സിനും സാധ്യതയുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. രണ്ടാം ഭാഗത്തിനായി സണ്‍ പിക്‌ച്ചേഴ്‌സ് 55 കോടി രൂപ സംവിധായകന് അഡ്വാന്‍സ് നല്‍കിയതായും തമിഴകത്ത് നിന്നുള്ള ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ ആകാംഷകള്‍ക്ക് ആക്കം കൂട്ടുകയാണ് ജയിലര്‍ 2ന്റെ പുതിയ അപ്‌ഡേറ്റുകള്‍. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രോജക്റ്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. ഇതില്‍ ജയിലറില്‍ രജനികാന്തിന്റെ പഞ്ച് ഡയലോഗിനൊപ്പം വന്ന ഹുക്കും എന്ന വാക്ക് പേരായി വരുന്നതിനോടാണ് അണിയറക്കാരില്‍ കൂടുതല്‍ പേര്‍ക്കും താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് നെല്‍സണ്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും രജനികാന്തിന്റെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നും പിങ്ക് വില്ല റിപ്പോര്‍ട്ടില്‍ പറയുന്നു.
തയ്യാറായ തിരക്കഥയ്ക്ക് രജനികാന്തിന്റെയും നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന്റെയും പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജൂണില്‍ ആരംഭിച്ചേക്കുമെന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തലൈവര്‍ 171 ന് ശേഷമാവും ജയിലര്‍ 2 ആരംഭിക്കുക.
ലോകേഷ് ചിത്രം എന്ന് പൂര്‍ത്തിയാവും എന്നതിനെ ആശ്രയിച്ചാവും ഇതിന്റെ തുടക്കം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിക്കുമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്റെയും ശിവ രാജ്!കുമാറിന്റെയും അടക്കമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവുമോ എന്ന് അറിവായിട്ടില്ല.