Malayalam
മരുഭൂമിയില്‍ കഴിയുന്നത് സാഹസമാണ്; ഇനി രക്ഷപെടാന്‍ വഴി എയര്‍ലിഫ്റ്റിങ്ങ് മാത്രം; ബ്ലസി
മരുഭൂമിയില്‍ കഴിയുന്നത് സാഹസമാണ്; ഇനി രക്ഷപെടാന്‍ വഴി എയര്‍ലിഫ്റ്റിങ്ങ് മാത്രം; ബ്ലസി
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനില്‍ കോവിഡിനെ തുടര്‍ന്നുള്ള കര്‍ഫ്യുവില്‍ കുടുങ്ങിയത്.
ജോര്‍ദാനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനോടൊപ്പം പ്രാദേശിക എതിര്‍പ്പും ശക്തമായതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ണമായി മുടങ്ങിയെന്ന വിവരങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിനിടെ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സംവിധാകന്‍ ബ്ലസി വീണ്ടും രംഗത്തത്തി. താമസത്തിനും ഭക്ഷണത്തിനും ഏപ്രില്‍ 10 വരെ ബുദ്ധിമുട്ടില്ല. രാജ്യാന്തര വിമാനസര്‍വീസ് പുനരാരംഭിക്കും വരെ മരുഭൂമിയില്‍ കഴിയുക സാഹസമാണ്. എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് ഇനി രക്ഷയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ആടുജീവിതം സിനിമയുടെ ഷൂട്ടിങ് നടന്നത് 10 ദിവസം മാത്രമാണ്. കര്‍ഫ്യൂവിനൊപ്പം പ്രാദേശിക എതിര്‍പ്പും ഷൂട്ടിങ്ങിന് തടസമായന്നും ബ്ലസി ഒരു പ്രമുഖ മലയാളം വാര്‍ത്ത ചാനലിനോട് വെളിപ്പെടുത്തി.
അതേസമയം, ആടു ജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ വീസാ കാലാവധി നീട്ടാന്‍ ജോര്‍ദാന്‍ സര്‍ക്കാരുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷമേ ഇവരെ തിരിച്ചെത്തിക്കാനാവൂ. വിദേശത്ത് കുടുങ്ങിയ എല്ലാ ഇന്ത്യക്കാരുടേയും കാര്യത്തില്‍ ഇതു തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നിരവധി സാധാരണക്കാര്‍ ഇത്തരത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം, ലോക് ഡൗണിന്റെ ഭാഗമായി ചിത്രീകരണം നിര്‍ത്താന്‍ ജോര്‍ദാന്‍ ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വയ്പ്പിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ എട്ടിന് വീസാ കാലാവധി അവസാനിക്കാനിരിക്കെ സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് സംവിധായകന്‍ ബ്ലെസ്സി ഫിലിം ചേംബറിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി മുരളീധരനേയും വിവരം അറിയിച്ചതായി ഫിലിം ചേംബര്‍ അറിയിച്ചു.
തുടര്‍ന്ന് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പും നല്‍കിയിരുന്നു. അതേസമയം, ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. ഇതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.
നിലവില്‍ ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്. കഴിഞ്ഞ മാസം 29-നാണ് പൃഥ്വി ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
director blessy