News
അതില്‍ ഒരു ത്രില്ലില്ല, അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ബ്ലെസി
അതില്‍ ഒരു ത്രില്ലില്ല, അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ല; ബ്ലെസി
സൗദി അറേബ്യയില്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ ബ്ലെസി. ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ റഹീമിന്റെ കഥ ബോബി ചെമ്മണൂര്‍ സിനിമയാക്കാന്‍ പോവുകയാണെന്നും സിനിമയ്ക്കുവേണ്ടി താനുമായി സംസാരിച്ചിരുന്നെന്നും ബ്ലെസി പറഞ്ഞു.
എന്നാല്‍, താനതിന് ഇപ്പോള്‍ സന്നദ്ധനല്ല. വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിളിയെത്തുന്നത്. കൃത്യമായി മറുപടി പറയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ‘തന്മാത്ര’ ചെയ്തുകഴിഞ്ഞപ്പോള്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞുകഴിഞ്ഞ് വീണ്ടും ഗള്‍ഫിലെ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി അത്തരം സിനിമകള്‍ ചെയ്യുന്നതില്‍ ത്രില്ലില്ല എന്നാണ് ബ്ലെസി പറഞ്ഞു.
‘ആടുജീവിതം’ ചെയ്തതുകൊണ്ട് റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോഗ്യത തനിക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതാണ് ബ്ലെസി. ബ്‌ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി പ്രസ് മീറ്റില്‍ അറിയിച്ചിരുന്നത്. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല.
സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനം എന്നും ബോബി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപയാണ് കൈകോര്‍ത്ത് സമാഹരിച്ചത്. ധനസമാഹരണത്തിലേക്ക് ആദ്യം ഒരു കോടി രൂപ നല്‍കിയത് ബോബി ചെമ്മണ്ണൂര്‍ ആയിരുന്നു.തുടര്‍ന്ന് ധനസമാഹരണത്തിനായി ബോബി ചെമ്മണ്ണൂര്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.
അബ്ദുല്‍ റഹീം മോചിതനായി തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്ന് ബോബി വാഗ്ദാനം നല്‍കിയിരുന്നു. അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ തന്റെ റോള്‍സ്‌റോയ്‌സ് കാറിന്റെ ്രൈഡവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനം. 2006ല്‍ 26ാം വയസ്സിലാണ് റഹീമിനെ ജയിലിലടച്ചത്. കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകനെ പരിചരിക്കുന്ന ജോലിയാണ് റഹീം ചെയ്തിരുന്നത്.
ഈ കുട്ടിക്ക് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24ന് കുട്ടിയെ കാറില്‍ കൊണ്ടു പോകുന്നതിനിടയില്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും ബോധരഹിതനായ കുട്ടി പിന്നീട് മരിക്കുകയുമായിരുന്നു.
