Actress
ഞാൻ മാറിനിന്നെന്നോ ? ചിലരൊക്കെ എന്നെ മാറ്റി നിർത്തിയതാണു: ഗൗതമി നായർ
ഞാൻ മാറിനിന്നെന്നോ ? ചിലരൊക്കെ എന്നെ മാറ്റി നിർത്തിയതാണു: ഗൗതമി നായർ
സിനിമയിൽ നിന്ന് വിട്ട് നിന്ന ഗൗതമി നായർ തിരിച്ചു വരവിനായി ഒരുങ്ങുകയാണ്. മഞ്‍ജു വാര്യർ കേന്ദ്രകഥാപാത്രമായ എത്തുന്ന മേരി ആവാസ് സുനോയിലൂടെയാണ് ഗൗതമിയുടെ രണ്ടാം വരവ്. റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ചില തുറന്നുപറച്ചിലുകൾ ഗൗതമി നായർ നടത്തിയിരിക്കുന്നത്. അരങ്ങേറ്റ ചിത്രമായ ‘സെക്കൻഡ് ഷോ’ മുതൽ ഗൗതമി അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ഏറെ ആരാധകരുമുണ്ടായിരുന്നിട്ടും എന്തിനായിരുന്നു സിനിമയിൽ നിന്നുള്ള ഇടവേള..? ഗൗതമിക്കു കൃത്യമായ മറുപടിയുണ്ട്..
∙ എവിടെയായിരുന്നു ഇത്രയും നാൾ..?
ഞാൻ എവിടെയും പോയില്ല. തിരുവനന്തപുരത്തുണ്ടായിരുന്നു. ശ്രീചിത്രയിൽ പഠനത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. അതിനർഥം സിനിമ വിട്ടെന്നല്ല. ഞാൻ അഭിനയം നിർത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. ഞാൻ അഭിനയിക്കില്ലെന്നോ അഭിനയം നിർത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേർന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി.
നല്ല സിനിമകൾ വരാത്തതു കൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാൻ ഇനി അഭിനയിക്കില്ലെന്ന തരത്തിൽ സിനിമയിലുള്ളവർ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫർ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേർന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാൻ. എല്ലാവരും അവരവരുടെ ഊഹം വച്ചോണ്ടിരുന്നാൽ ഞാനെന്തു ചെയ്യാനാ..? വീണ്ടും സിനിമയിൽ സെറ്റിൽ ചെന്നപ്പോഴാണ് പലരുടെയും തെറ്റിദ്ധാരണയും ആഴം മനസ്സിലായത്.
സിനിമകൾക്കായി ശ്രമിച്ചില്ലേ..?
ഇടയ്ക്കു മൂന്നു സിനിമകളിൽ നിന്ന് എന്നെ മനഃപൂർവം ഒഴിവാക്കിയ സംഭവവുമുണ്ടായി. എല്ലാ ചർച്ചകളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഈ ഒഴിവാക്കൽ. എന്നെ മാറ്റിയെന്നു മറ്റുള്ള ചിലർ പറഞ്ഞാണ് അറിയേണ്ടി വന്നതും. എനിക്കു വ്യക്തിപരമായി അറിയാവുന്ന ആളുകൾ കാരണമാണ് സിനിമകൾ മുടങ്ങിയത്. ആദ്യമൊക്കെ വലിയ വിഷമം തോന്നിയെങ്കിലും പിന്നീട് അതു വിട്ടു. നല്ല സിനിമകളായിരുന്നു അവ. ഇല്ലെങ്കിൽ കഴിഞ്ഞ വർഷമെങ്കിലും വീണ്ടും സിനിമയിലെത്തിയേനെ. ‘മേരി ആവാസ് സുനോ’യിൽ ഒരു ആർജെയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതൊരു നല്ല തുടക്കമാകുമെന്നാണു പ്രതീക്ഷ. കൂടുതൽ നല്ല സിനിമകളുടെ ഭാഗമാകാനാണു ശ്രമം.
പഠനം പൂർത്തിയായതിൽ സന്തോഷമില്ലേ..?
തീർച്ചയായും.. സമയം പാഴാക്കിയെന്നു തോന്നിയിട്ടില്ല. തിരുവനന്തപുരം വിമൻസ് കോളജിലായിരുന്നു പഠനം. എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കി. ഇനി പിഎച്ച്ഡി ചെയ്യണമെന്നുണ്ട്. അതിനായി കുറച്ചു പേപ്പർ പ്രസന്റേഷനും റിസർച്ച് പരിചയവുമൊക്കെ വേണം. അതിനു വേണ്ടിയാണു തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവർത്തിക്കുന്നത്. ഈ എക്സ്പീരിയൻസ് ഉപയോഗിച്ചു വേണം പിഎച്ച്ഡി തുടങ്ങാൻ. സൈക്കോളജി പഠിച്ചതോടെ ആളുകളെ കൃത്യമായി മനസ്സിലാക്കാൻ പറ്റുമെന്നതാണു ഗുണം. ഒന്നു രണ്ടു തവണ എന്റെ മുന്നിൽക്കിട്ടിയാൽ ആളുടെ ഉള്ളിലിരിപ്പു മനസ്സിലാക്കിയെടുക്കാൻ ഇപ്പോ പറ്റാറുണ്ട്. അതു ഭാവിയിലും ഗുണം ചെയ്യുമെന്നുറപ്പാണ്.
സംവിധാന മേഖലയിലേക്കു ചുവടു വച്ചിരുന്നില്ലേ..?
സത്യത്തിൽ വലിയ പ്രതീക്ഷയോടെ തുടങ്ങിയൊരു പ്രോജക്ടായിരുന്നു ‘വൃത്തം’ എന്ന ചിത്രത്തിന്റേത്. എന്നാൽ, നിർമാതാവുമായുള്ള ചില പ്രശ്നങ്ങൾ കാരണം ഇപ്പോൾ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. ഇപ്പോഴും തർക്കം തുടരുകയാണ്. മറ്റു നിർമാതാക്കൾ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും അതും ഇതു വരെ നടന്നില്ല. അതു കൊണ്ടു സംവിധാന മോഹം തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉടൻ എല്ലാം കലങ്ങി തെളിയുമെന്നാണു പ്രതീക്ഷ.
actress