Malayalam
അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടി യേശുദാസ്; വൈറലായി വീഡിയോ
അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടി യേശുദാസ്; വൈറലായി വീഡിയോ
മലയാളികള്‍ക്കേറെ പ്രിയങ്കരനായ ഗായകനാണ് യേശുദാസ്. അദ്ദേഹത്തിന്റെ ഹരിവരാസനം കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. ആ ശബ്ദമാധുര്യമാണ് സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാനായി കേള്‍പ്പിക്കുന്നത്. രാത്രി ശ്രീകോവിലിന്റെ വാതില്‍ അടയ്ക്കുമ്പോള്‍ ഉച്ചഭാഷിണിയില്‍ യേശുദാസിന്റെ മധുര സ്വരത്തില്‍ ‘ഹരിവരാസനം’ മുഴങ്ങും.
പ്രകൃതി പോലും നിശ്ചലം ആയി ലയിച്ചിരിക്കുന്ന അനുഭൂതിയാണ് ഉണ്ടാകാറുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴിതാ അയ്യനു മുന്നിലെത്തി കൈകൂപ്പി നിന്ന് ഹരിവരാസനം പാടുകയാണ് യേശുദാസ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
‘ഹരിവരാസനം’ റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പാട്ട് പാടുന്നതിനു പകരം ക്ഷേത്ര പരിസരത്ത് ഉച്ചഭാഷിണിയില്‍ കേള്‍പ്പിക്കാമോ എന്ന രീതിയില്‍ നിര്‍ദേശം ഉയരുകയായിരുന്നു.
1975ല്‍ പുറത്തിറങ്ങിയ ‘സ്വാമി അയ്യപ്പന്‍’ എന്ന സിനിമയില്‍ യേശുദാസ് പാടിയ പാട്ടിന്റെ പതിപ്പ് എല്ലാ ദിവസവും രാത്രി അത്താഴപൂജയ്ക്ക് ശേഷം ശബരിമലയില്‍ കേള്‍പ്പിക്കാമെന്ന് അതോടെ തീരുമാനമായി. ‘ഹരിഹരസുധാഷ്ടകം’ എന്ന ഈ സംസ്‌കൃത ഹിന്ദു ഭക്തിഗാനത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് 1950ല്‍ കുംഭകുടി കുളത്തൂര്‍ അയ്യരും അന്തരിച്ച സംഗീത സംവിധായകന്‍ ജി ദേവരാജനും ചേര്‍ന്നാണ്.
താന്‍ പാടിയ ഈ ഗാനത്തില്‍ ‘അരിവിമര്‍ദനം നിത്യനര്‍ത്തനം’ എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണെന്ന് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍കോവിലില്‍ പാടാന്‍ പോയപ്പോള്‍ തന്ത്രി ചൂണ്ടിക്കാട്ടിയെന്ന് യേശുദാസ് പറഞ്ഞത് നേരത്തേ വാര്‍ത്തയായിരുന്നു. ഏറ്റവും ഒടുവില്‍ സന്നിധാനത്തു പോയപ്പോള്‍ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് നേരത്തേ പറഞ്ഞിരുന്നു.