Connect with us

‘സംഗീതലോകത്തിന്റെ മൂല്യങ്ങളെ അവഹേളിച്ചു’; ടി.എം കൃഷ്ണയ്‌ക്കെതിരേ രഞ്ജിനിഗായത്രി സഹോദരിമാര്‍

News

‘സംഗീതലോകത്തിന്റെ മൂല്യങ്ങളെ അവഹേളിച്ചു’; ടി.എം കൃഷ്ണയ്‌ക്കെതിരേ രഞ്ജിനിഗായത്രി സഹോദരിമാര്‍

‘സംഗീതലോകത്തിന്റെ മൂല്യങ്ങളെ അവഹേളിച്ചു’; ടി.എം കൃഷ്ണയ്‌ക്കെതിരേ രഞ്ജിനിഗായത്രി സഹോദരിമാര്‍

ടി.എം കൃഷ്ണയുടെ അധ്യക്ഷതയില്‍ നടക്കാനിരിക്കുന്ന സംഗീത അക്കാദമിയുടെ ഈ വര്‍ഷത്തെ സമ്മേളനത്തില്‍നിന്ന് പിന്‍മാറുന്നുവെന്ന് സംഗീതജ്ഞരായ രഞ്ജിനിഗായത്രി സഹോദരിമാര്‍. ഡിസംബര്‍ 25ന് നടക്കാനിരിക്കുന്ന കച്ചേരിയില്‍ ഇവര്‍ പങ്കെടുക്കില്ല. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇവരുടെ പ്രഖ്യാപനം. ടി.എം കൃഷ്ണ അധ്യക്ഷനാകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റം.

കര്‍ണാടക സംഗീത ലോകത്തിന് ടി.എം കൃഷ്ണ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും ത്യാഗരാജ സ്വാമികള്‍, എം.എസ് സുബ്ബലക്ഷ്മി തുടങ്ങിയ ആദരണീയ പ്രതിഭകളെ അപമാനിച്ചെന്നും രഞ്ജിനിഗായത്രിമാര്‍ ആരോപിച്ചു. സംഗീതലോകത്തിന്റെ കൂട്ടായ്മയുടെ വികാരങ്ങളെ ടി.എം കൃഷ്ണ മനഃപൂര്‍വ്വം ചവിട്ടിമെതിച്ചു.

കര്‍ണാടക സംഗീതജ്ഞര്‍ എന്നുപറയുന്നത് നാണക്കേടുണ്ടാക്കുന്ന ഒന്നാണെന്ന നിലയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും സംഗീതത്തിലെ ആത്മീയതയെ നിരന്തരമായി അവഹേളിക്കുകയും ചെയ്തു. പെരിയാറിപ്പോലെയുള്ള വ്യക്തിത്വത്തെ മഹത്വവല്‍കരിച്ച ടി.എം.കൃഷ്ണയെ അവഗണിക്കുന്നത് അപകടകരമാണെന്നും ഇവര്‍ പറയുന്നു.

ബ്രഹ്മണരെ വംശഹത്യ ചെയ്യാന്‍ പെരിയാര്‍ പരസ്യമായി നിര്‍ദ്ദേശിച്ചുവെന്നും ഈ സമുദായത്തില്‍പ്പെട്ട സ്ത്രീകളെ അപമാനിച്ചുവെന്നും മോശം പദപ്രയോഗങ്ങള്‍ സ്വാഭാവികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആരോപണം.

കലയെയും കലാകാരന്മാരെയും കലാപ്രേമികളെയും നമ്മുടെ വേരുകളേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്ന ഒരു മൂല്യവ്യവസ്ഥയില്‍ തങ്ങള്‍ വിശ്വസിക്കുന്നു. ഈ മൂല്യങ്ങളെ കുഴിച്ചുമൂടി ഈ വര്‍ഷത്തെ സമ്മേളനത്തില്‍ പങ്കെടുത്താല്‍ അത് ധാര്‍മിക ലംഘനമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

രഞ്ജിനിഗായത്രി സഹോദരിമാരുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപേര്‍ രംഗത്തുവന്നിട്ടുണ്ട്. കര്‍ണാടക സംഗീതരംഗത്ത് ഈ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജാതിവ്യവസ്ഥയ്‌ക്കെതിരേയും ഉച്ചനീചത്വങ്ങള്‍ക്കെതിരേയും പെരിയാര്‍ പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങളാണ് ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് കാരണമായതെന്നും അത് പൂര്‍ണമായും തമസ്‌കരിച്ച് സംസാരിക്കുന്നത് രഞ്ജിനിഗായത്രിമാര്‍ പുനഃപരിശോധിക്കണമെന്നും വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2024’25 വര്‍ഷത്തെ സംഗീതകലാനിധി, നൃത്യകലാനിധി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ടി.എം. കൃഷ്ണയായിരുന്നു സംഗീതകലാനിധി പുരസ്‌കാരം നേടിയത്.

More in News

Trending

Recent

To Top