Malayalam
ലോക ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഋതു മന്ത്ര; നേടിയത് രണ്ട് വെങ്കല മെഡലുകള്‍!
ലോക ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഋതു മന്ത്ര; നേടിയത് രണ്ട് വെങ്കല മെഡലുകള്‍!
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയീലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്‌ബോസ് മലയാളം. ഇതിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ നിരവധി ആരാധകരാണുള്ളത്. ഇവരുടെ പേരില്‍ ആര്‍മികളും ഫാന്‍ഫൈറ്റുമെല്ലാം സ്ഥിരകാഴ്ചയാണ്. അതുപോലെ ബിഗ്‌ബോസ് എന്ന പരിപാടിയില്‍ എത്തിയിതിനു ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര.
ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു. ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.
ലാത്വിയയില്‍ നടന്ന ലോക ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി രണ്ട് വെങ്കല മെഡലുകള്‍ നേടി അഭിമാനമായിരിക്കുകയാണ് നടിയും മോഡലുമായ ഋതു മന്ത്ര. ഈ സന്തോഷ വേളയില്‍ താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങള്‍. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും നടന്‍ ദിലീപുമടക്കമുള്ളവരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
‘കണ്ണൂരില്‍ നിന്നുള്ള നമ്മുടെ മലയാളി പെണ്‍കുട്ടി. ജുജിറ്റ്‌സു ലോക ചാമ്പ്യന്‍ഷിപ്പില്‍ 2 വെങ്കല മെഡലുകള്‍ നേടി. നമ്മുടെ നാടിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുന്നു. ഋതുവിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ’ എന്നാണ് ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
താന്‍ ജുജിറ്റ്‌സുവില്‍ വിജയം കൈവരിച്ച സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ഋതു പങ്കുവെച്ചിരുന്നു. ‘വലിയൊരു സ്വപ്‌നം നേടിയെടുത്തു. ലാത്വിയയില്‍ നടന്ന 2023 ലെ ജുജിറ്റ്‌സു ലോക ചാമ്പ്യന്‍ഷിപ്പില്‍, ക്ലോസ് കോണ്ടാക്റ്റിലും സെല്‍ഫ് ഡിഫെന്‍സിലുമായി 2 വെങ്കല മെഡലുകള്‍ നേടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പ്രോത്സാഹനത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ഞങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് നന്ദി,’ എന്നാണ് മെഡല്‍ നേടിയതിനു ശേഷം ഋതു സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്.
ഒപ്പം ചാമ്പ്യന്‍ഷിപ്പില്‍ വിജയം നേടിയ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. ത്രിവര്‍ണ പതാകയേന്തിയുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇസ്രായേല്‍ ആയോധന കലയായ ക്രാവ് മാഗ ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഋതു പങ്കെടുത്തിരുന്നു. ക്രാവ് മാഗയില്‍ താരം സ്വര്‍ണ മെഡല്‍ നേടിയിരുന്നു. രാജന്‍ വര്‍ഗ്ഗീസിനു കീഴിലുള്ള ക്രാവ് മാഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലാണ് ഋതു പരിശീലനം നേടിയത്. ഇസ്രായേല്‍ പ്രതിരോധ സേന വികസിപ്പിച്ചെടുത്ത ആയോധന കലയാണ് ക്രാവ് മാഗ.