Malayalam
എന്തെങ്കിലും കഴിക്കണ്ടേ… ഇതെല്ലാം പെറുക്കി വിറ്റാല്‍ എന്തേലും കിട്ടും; തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാന്‍ കഷ്ട്ടപ്പെടുന്ന താത്തു അമ്മ; കുറിപ്പുമായി വിനോദ് കോവൂര്‍
എന്തെങ്കിലും കഴിക്കണ്ടേ… ഇതെല്ലാം പെറുക്കി വിറ്റാല്‍ എന്തേലും കിട്ടും; തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാന്‍ കഷ്ട്ടപ്പെടുന്ന താത്തു അമ്മ; കുറിപ്പുമായി വിനോദ് കോവൂര്‍
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് വിനോദ് കോവൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ വച്ച് പരിചയപ്പെട്ട 97 വയസുകാരിയായ അമ്മുമ്മയെക്കുറിച്ച് കുറിപ്പുമായി നടന്‍.
വിനോദ് കോവൂരിന്റെ കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ പരിചയപ്പെട്ട മനസില്‍ ഇടം നേടിയ ഒരമ്മ. പേര് താത്തു. വയസ് 97. ഈ തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാന്‍ കഷ്ട്ടപ്പെടുകയാണ് ഈ അമ്മ. ലൊക്കേഷനില്‍ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് ബോട്ടില്‍സ് ഒരു ചാക്കിലേക്ക് പെറുക്കി ഇട്ട് താഴ്ച്ചയുള്ള സ്ഥലത്ത് നിന്ന് ചാക്കുമായ് ഉയരത്തേക്ക് കയറാന്‍ ബുദ്ധിമുട്ടുമ്പോഴാണ് ഞാനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് അമ്മയെ പിടിച്ച് കയറ്റി ഇരുത്തിയത്.
കുടിക്കാന്‍ വെള്ളവും ഭക്ഷണവും കൈയ്യില്‍ കൊടുത്തു വീട്ടില്‍ പോയിട്ട് കഴിച്ചോളാം എന്ന് പറഞ്ഞു. പ്രായം എത്ര ആയി എന്ന് ചോദിച്ചപ്പോള്‍ മൂത്ത മോള്‍ക്ക് 78 വയസായ് എന്നായിരുന്നു മറുപടി. 97 വയസായ് എന്ന് കേട്ടപ്പോള്‍ എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ നടക്കുന്നേ വീട്ടില്‍ ഇരുന്നാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ എന്തെങ്കിലും കഴിക്കണ്ടേ എന്ന് പറഞ്ഞ് ആ കണ്ണ് നിറയാന്‍ തുടങ്ങി.
ഒമ്പത് മക്കളെ പെറ്റ അമ്മയാണ് പക്ഷെ ആരും എന്നെ നോക്കുന്നില്ല ഞാന്‍ തനിച്ചാണ്. ഇതെല്ലാം പെറുക്കി വിറ്റാല്‍ എന്തേലും കിട്ടും അത് കൊണ്ടാ ജീവിക്കണേന്ന് പറഞ്ഞപ്പോള്‍ കേട്ടു നിന്ന ഞങ്ങള്‍ക്കെല്ലാം സങ്കടം തോന്നി. വിഷു അല്ലേ വരുന്നേ എന്തെങ്കിലും വേണ്ടേ കൈയ്യില്‍ അതോണ്ട് നടക്കാണ് പൊന്നു മക്കളേന്ന് പറഞ്ഞു. ഞാന്‍ കുറച്ച് കാശ് തത്തു അമ്മേടെ കൈയ്യില്‍ കൊടുത്തു.
യ്യോ മോനേ ഇത് വേണ്ട ഇതൊക്കെ പെറുക്കി വിറ്റാല്‍ എന്തേലും കിട്ടും എന്ന് പറഞ്ഞ് വാങ്ങിക്കാന്‍ വിസമ്മതിച്ചു. നിര്‍ബന്ധിച്ച് കൈയ്യില്‍ കൊടുത്തപ്പോള്‍ എന്റെ ഇരു കൈകളും പിടിച്ച് നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞ് കൊണ്ടേ ഇരുന്നു. ഞാന്‍ പെറ്റ എന്റെ കുട്ട്യള് തരാത്തതാ മോന്‍ തന്നെ ദൈവാനുഗ്രഹം ഉണ്ടാകും എന്ന് പറഞ്ഞ് എഴുന്നേല്ക്കാന്‍ ശ്രമിച്ചു.
എനിക്ക് അമ്മേടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്ന് ഞാന്‍ ആഗ്രഹം പറഞ്ഞു. കൂട്ട് ക്കാരന്‍ ഫോട്ടോ എടുത്തു. ഫോട്ടോ എനിക്ക് എങ്ങനെയാ കാണാന്‍ പറ്റ്വാന്ന് ചോദിച്ചപ്പോള്‍ മൊബൈലില്‍ ഫോട്ടോ കാണിച്ച് കൊടുത്തു. കണ്ണിനു അടുത്തേക്ക് വെച്ച് ഫോട്ടോ നോക്കി ചിരിച്ചിട്ട് പറഞ്ഞു നന്നായിട്ടുണ്ടെന്ന്. ഈ പ്രായത്തിലും തത്തു അമ്മയുടെ കുഞ്ഞി കണ്ണുകള്‍ക്ക് നല്ല കാഴ്ച്ചയാണെന്ന് കൂടെ നിന്നവര്‍ പറഞ്ഞു. പിന്നീട് പിടിച്ച് എഴുന്നേല്പ്പ്പിച്ചു. കുറച്ച് നേരം എന്നെ പിടിച്ച് നിന്നു.
ഇരുന്നാല്‍ പിന്നെ എഴുന്നേല്ക്കാന്‍ വല്യ പ്രയാസാ. കൊടുത്ത കാശ് മുണ്ടിന്റെ മടിക്കുത്തില്‍ വെച്ച് ഭക്ഷണത്തിന്റെ കവറുമെടുത്ത് ചാക്കെടുക്കാന്‍ തുടങ്ങിയപ്പോള്‍. എല്ലാം കൂടെ കൊണ്ട് പോകാന്‍ പറ്റുമോന്ന് ചോദിച്ചു. ന്നാ ചാക്ക് ഇവിടെ ഇരിക്കട്ടെ നാളെ വന്നിട്ട് എടുക്കാന്നും പറഞ്ഞ് തത്തു അമ്മ കൊയ്ത്ത് കഴിഞ്ഞ പുഞ്ചപാടത്ത് കൂടെ അമ്മയുടെ ദൂരെയുള്ള വീട് ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നത് ഒരു വല്ലാത്ത കാഴ്ച്ചയായിരുന്നു. മറക്കില്ല ഈ അമ്മയെ. കന്മദം സിനിമയിലെ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓര്‍മ്മ വന്നു.
