Malayalam
എന്റെ വീട്ടിലെ കുട്ടി ആയതുകൊണ്ട് പറയുന്നതല്ല, അതിന്റെ നന്മയൊക്കെ എടുത്ത് പറയേണ്ടതാണ്. നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് സംയുക്തയെ കുറിച്ചാണ്; ഊര്‍മിള ഉണ്ണി
എന്റെ വീട്ടിലെ കുട്ടി ആയതുകൊണ്ട് പറയുന്നതല്ല, അതിന്റെ നന്മയൊക്കെ എടുത്ത് പറയേണ്ടതാണ്. നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് സംയുക്തയെ കുറിച്ചാണ്; ഊര്‍മിള ഉണ്ണി
സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് സംയുക്ത വര്‍മ്മ. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം, നടനായ ബിജു മേനോനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന സംയുക്ത ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. അപ്പോഴെല്ലാം തന്നെ ആരാധകര്‍ സംയുക്തയോട് ചോദിക്കാറുള്ളതാണ് എപ്പോഴാണ് തിരിച്ചു വരുന്നതെന്ന്.
എന്നാല്‍ അതിനും വ്യക്തമായ മറുപടി സംയുക്ത പറയുന്നുണ്ട്. എല്ലാവരും തന്നെ ചോദിക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ ഞാന്‍ ഈ കാര്യത്തേപ്പറ്റി സീരിയസായി ആലോചിച്ചിട്ടില്ല എന്നതു തന്നെയാണ് വസ്തുത. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവ നിശ്ചയമായാണ് കാണുന്നത്. അങ്ങനെയൊരു സമയം വന്നാല്‍ അഭിനയിക്കും. ഇപ്പോള്‍ യോഗ പരിശീലനവുമൊക്കയായി നല്ല തിരക്കിലാണ് എന്നാണ് നടി പറഞ്ഞിരുന്നത്.
1999ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന സിനിമയിലൂടെയാണ് സംയുക്ത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഏകദേശം നാല് വര്‍ഷം മാത്രമാണ് സംയുക്ത സിനിമയില്‍ സജീവമായി തുടര്‍ന്നത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളില്‍ നായികയാകാനും സംയുക്തയ്ക്ക് സാധിച്ചു. മികച്ച നടിക്കുള്ള രണ്ടു സംസ്ഥാന പുരസ്‌കാരമടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി.
സംയുക്തയെ പോലെ വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ഇത്രയും വലിയ ഇമ്പാക്ട് ഉണ്ടാക്കിയ നടിമാര്‍ വളരെ വിരളമാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ഇത്രയധികം ആഗ്രഹിക്കുന്നത്. എന്നാല്‍ സംയുക്ത വീണ്ടും സിനിമയിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നാണ് നടി ഊര്‍മ്മിള ഉണ്ണി പറയുന്നത്. സംയുക്തയുടെ ചെറിയമ്മയാണ് ഊര്‍മ്മിള. അടുത്തിടെയായി താരത്തിന്റെ പലവിശേഷങ്ങളും ആരാധകര്‍ അറിയാറുള്ളത് ഊര്‍മ്മിളയിലൂടെയാണ്. മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് ഊര്‍മ്മിള സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചത്.
‘സംയുക്ത ഇനി സിനിമയിലേക്ക് വരുമെന്ന് തോന്നുന്നില്ല. ആദ്യം വന്നത് തന്നെ ഒരു നിയോഗം കൊണ്ട് വന്നതാണ്. ഞാനായിരുന്നു അതിന്റെ പിന്നിലെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. ആ കുട്ടി സിനിമയോട് വലിയ ക്രേസുളള ആളെയല്ല. നമ്മളൊന്നും വിചാരിക്കുന്ന ആളെ അല്ല സംയുക്ത. അത് വേറൊരു കുട്ടിയാണ്. എന്റെ വീട്ടിലെ കുട്ടി ആയതുകൊണ്ട് പറയുന്നതല്ല. അതിന്റെ നന്മയൊക്കെ എടുത്ത് പറയേണ്ടതാണ്. നിറകുടം തുളുമ്പില്ല എന്ന് പറയുന്നത് സംയുക്തയെ കുറിച്ചാണ്. അത് ആ കുട്ടിയുടെ അഭിമുഖങ്ങള്‍ കണ്ടാല്‍ തന്നെ മനസിലാകും,’
‘യോഗ ചെയ്യുന്ന ചിത്രങ്ങളൊക്കെ എങ്ങനെയോ ലീക്കായി പോകുന്നതാണ്. സംയുക്ത അങ്ങനെ അതൊന്നും ഇടുന്ന ആളല്ല. സംയുക്ത അറിയാതെയാണ് പല ചിത്രങ്ങളും വാര്‍ത്തകളുമൊക്കെ പുറത്തുവരുന്നത്. യോഗ ഒന്നും അങ്ങനെ പ്രദര്ശിപ്പിക്കേണ്ട കാര്യമല്ലെന്ന് പറയാറുണ്ട്. കുളിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുന്ന പോലൊരു കാര്യമാണ് അത്. ഡാന്‍സ് പോലെ റീല്‍ എടുത്തിട്ടേണ്ട കാര്യമേ അല്ല അത് എന്നൊക്കെ എന്നോട് പറയാറുണ്ട്. നല്ല വിവരമുള്ള കുട്ടിയാണ്,’
‘ഒരുപാട് പുസ്തകങ്ങളൊക്കെ വായിക്കും. അങ്ങനെ ഒരുപാട് അറിവുണ്ട്. അതൊന്നും അഭിമുഖങ്ങളില്‍ പറയാറും ഇല്ല, എവിടെയും കാണിക്കാറുമില്ല. സിനിമ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയും. ചിലപ്പോള്‍ നല്ല കഥ വരട്ടെ എന്ന് പറയും. അഞ്ച് മിനിറ്റ് കഴിഞ്ഞാല്‍ ചിലപ്പോള്‍ മാറ്റി പറയും. ബിജു ഇടയ്ക്ക് ചോദിക്കും, ഇങ്ങനെ ഒന്ന് വന്നിട്ടുണ്ടല്ലോ നീ ചെയ്യുന്നുണ്ടോ എന്നൊക്കെ. ഞാന്‍ കഥകേട്ടു. എനിക്ക് മടിയാണ് ഞാന്‍ ഇല്ല എന്നായിരിക്കും മറുപടി. ഇതുവരെ അതിലൊരു തീരുമാനം ആയിട്ടില്ല. എന്തും സംഭവിക്കാം, ചിലപ്പോള്‍ ആള് വരാം, വരാതെയിരിക്കാം. എന്റെ ഒരു കാഴ്ചപ്പാടില്‍ വരാതെ ഇരിക്കാനാണ് സാധ്യത,’ ഊര്‍മ്മിള ഉണ്ണി പറഞ്ഞു.
പലപ്പോഴും ബിജു മേനോനും ഭാര്യയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യം നേരിടേണ്ടി വരാറുണ്ട്. വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയപ്പോള്‍ അഭിനയം വിടാമെന്ന് തീരുമാനിച്ചത് സംയുക്ത തന്നെയാണെന്ന് ബിജു മേനോന്‍ പറഞ്ഞിട്ടുണ്ട്. അഭിനയിക്കണ്ട എന്ന് താന്‍ പറഞ്ഞിട്ടില്ല. അവളായിട്ട് എടുത്ത തീരുമാനമാണ്. തിരിച്ചുവരവും അവളുടെ തീരുമാനം അനുസരിച്ചായിരിക്കും അതിലൊന്നും താന്‍ കൈകടത്തില്ല എന്നാണ് ബിജു മേനോന്‍ പറഞ്ഞത്.
അതേസമയം, അടുത്തിടെ ഒരു അഭിമുഖത്തില്‍ മകന് സിനിമ മോഹം ഉണ്ടോ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് നടി പറഞ്ഞ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ എന്നത് ഒരു ഫാന്റസി ലോകമല്ലേ. അച്ഛന്‍ അഭിനയിക്കുന്നത് കാണുമ്പൊള്‍ അവര്‍ക്കും ആഗ്രഹം തോന്നാം. ഞാന്‍ ഇപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടും, കഠിനാധ്വാനം ചെയ്തിട്ടും കാര്യമില്ല. തലവര എന്നൊരു കാര്യമുണ്ട്. അതുണ്ടങ്കിലേ നമുക്ക് സിനിമ രംഗത്ത് നിലനില്‍ക്കാന്‍ കഴിയൂ എന്ന്. താരമുഖമില്ലാത്ത സാധാരണ മുഖമുള്ള എത്രയോ പേര് ക്ലിക്കാകുന്നുണ്ട്. അതൊക്കെ തലേവരയുടെ ഗുണം കൊണ്ടാണ് എന്നുമാണ് സംയുക്ത പറഞ്ഞത്.