News
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ ബൈക്ക് റൈഡ്; ധനുഷിന്റെ മകന് പിഴ ചുമത്തി തമിഴ്‌നാട് പൊലീസ്
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ ബൈക്ക് റൈഡ്; ധനുഷിന്റെ മകന് പിഴ ചുമത്തി തമിഴ്‌നാട് പൊലീസ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. നടന്റെയും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിന്റെയും മകന്‍ ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ യാത്ര ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ധനുഷിന്റെ മകനെതിരെ പിഴ ചുമത്തിയിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. 1000 രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.
തെന്നിന്ത്യന്‍ താരം ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തും വിവാഹബന്ധം വേര്‍പിരിഞ്ഞതിന് ശേഷം പോയസ് ഗാര്‍ഡനില്‍ അടുത്ത് അടുത്ത വീടുകളിലാണ് ധനുഷും ഐശ്വര്യയും താമസിക്കുന്നത്. രണ്ട് മക്കള്‍ക്കും അമ്മയുടെ അടുത്തേക്ക് പോയിവരാനുള്ള സൌകര്യത്തിനാണ് ധനുഷ് പോയസ് ഗാര്‍ഡനില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് പണിതത്.
ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്തമകന്‍ യാത്രയുടെ ബൈക്ക് റൈഡ് ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പോയസ് ?ഗാര്‍ഡനിലുള്ള രജിനികാന്തിന്റെ വീട്ടില്‍ നിന്നും ധനുഷിന്റെ വീട്ടിലേക്കാണ് യാത്ര R15 ബൈക്കില്‍ സഞ്ചരിച്ചത്. മകന് പതിനെട്ട് വയസ്സ് ആവാത്തത് കൊണ്ടും ഹെല്‍മറ്റ് വെക്കാത്തതുകൊണ്ടും നിരവധി വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നത്.
യാത്ര ബൈക്ക് ഓടിക്കുമ്പോള്‍ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ അസിസ്റ്റന്റ് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചെങ്കിലും നിയമപരമായി ഇതുവരെയും ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. ധനുഷിനൊപ്പവും ഐശ്വര്യയ്‌ക്കൊപ്പവും മാറി മാറി താമസിച്ചാണ് ഇരുവരുടെയും മക്കള്‍ വളരുന്നത്.