Malayalam
ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഞങ്ങള്‍ ഇഷ്ടത്തിലാണ്; രസകരമായി തോന്നിയ മികച്ച അഭ്യൂഹത്തെ കുറിച്ച് സ്വാസിക വിജയ്
ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഞങ്ങള്‍ ഇഷ്ടത്തിലാണ്; രസകരമായി തോന്നിയ മികച്ച അഭ്യൂഹത്തെ കുറിച്ച് സ്വാസിക വിജയ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശരദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത ‘ദത്തുപുത്രി’ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീന്‍ എത്തുന്നത്.
എന്നാല്‍ ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഇതിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സീരിയല്‍ രംഗത്ത് വന്‍ ജനപ്രീതി നേടിയ ശേഷമാണ് നടി സ്വാസികയ്ക്ക് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടാനായത്. ചതുരം എന്ന സിനിമയിലൂടെ കരിയര്‍ ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രംഗത്ത് തിരക്കേറുകയാണ്.
അടുത്തിടെ താരം ഉണ്ണി മുകുന്ദനുമായി പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്ത പരന്നിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രസകരമായി തോന്നിയ മികച്ച അഭ്യൂഹം ഏതാണ് എന്ന ചോദ്യത്തോടാണ് സ്വാസിക പ്രതികരിച്ചത്. താന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നുവെന്ന കാര്യമാണ് തമാശയായി തോന്നിയത് എന്നാണ് സ്വാസിക പറയുന്നത്.
‘കുറേ നാളുകളായി ഞാന്‍ അടുപ്പിച്ച് കേട്ട അഭ്യൂഹം ഞാന്‍ ഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാന്‍ പോകുന്നു, ഞങ്ങള്‍ ഇഷ്ടത്തിലാണ് എന്നുള്ളതാണ്. അത് എനിക്ക് നല്ല തമാശയായിട്ടുള്ള അഭ്യൂഹമായി തോന്നി’ എന്നാണ് സ്വാസിക പറയുന്നത്. ഇതിനിടയില്‍, ‘അങ്ങനെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലേ ഒരിക്കലും, അതെന്താ ഉണ്ണി മുകുന്ദന്‍ അത്ര ഗ്ലാമര്‍ അല്ലേ’ എന്ന് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നുണ്ട്.
എന്നാല്‍ ‘ഉണ്ണിയും ഞാനും ഭയങ്കര ക്ലോസ് ഫ്രണ്ട്‌സ് പോലുമല്ല. എങ്ങനെയാ ആ അഭ്യൂഹങ്ങള്‍ വന്നത് എന്ന് പോലും എനിക്കറിയില്ല. അങ്ങനെ തോന്നിയിട്ടില്ല. നമ്മള്‍ ആലോചിക്കാത്ത ഒരു കാര്യം വേറൊരാള്‍ പറയുമ്പോ തമാശയായിട്ട് തോന്നി. ഐഡിയ നല്ലത് ആയിരുന്നു, ഞാന്‍ എന്‍ജോയ് ചെയ്തു. അതാണ് പറഞ്ഞത് ബെസ്റ്റ് റൂമര്‍ ആയിരുന്നുവെന്ന്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ അങ്ങനെ സുഹൃത്തുക്കള്‍ അല്ല. ദിവസവും കാണുന്ന, സംസാരിക്കുന്ന ആള്‍ക്കാരല്ല. എന്നിട്ടും എങ്ങനെ അത് വന്നു എന്നുള്ളത് ഒരു തമാശയായ കാര്യമായിരുന്നു’ എന്നും സ്വാസിക വ്യക്തമാക്കി.
അടുത്തിടെ വിവാഹം വൈകാതെ നടന്നേക്കുമെന്ന സൂചനയും സ്വാസിക നല്‍കിയിരുന്നു. തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നാണ് സ്വാസിക പറഞ്ഞത്. കല്യാണം എന്തായാലും കഴിക്കണം. എനിക്കതില്‍ നിര്‍ബന്ധമുണ്ട്. കല്യാണം കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയൊരാള്‍ വേണം. കല്യാണത്തെ എതിര്‍ക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാന്‍. കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. പക്ഷെ എനിക്കൊരു പേടിയുമില്ല.
കല്യാണത്തിന്റെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലവ് മാര്യേജ് ആണ്. ലിവിംഗ് ടുഗെദറിനോട് താല്‍പര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കന്‍ അക്കരെയായിരിക്കും. അപ്പൂപ്പന്‍ പുഴ കടന്ന് വരുമ്പോള്‍ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായര്‍ തറവാടുകളില്‍ അങ്ങനെയാണ് വിവാഹം നടന്നിരുന്നത്. ഇപ്പോള്‍ അങ്ങനെ വിവാഹമില്ല.
പക്ഷെ ഈ രീതിയില്‍ വിവാഹം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സ്വാസിക വ്യക്തമാക്കി. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. ചെക്കന് നീന്തല്‍ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ അതെയെന്നായിരുന്നു ചിരിച്ച് കൊണ്ട് സ്വാസികയുടെ മറുപടി. വിവാഹം കഴിഞ്ഞാലും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷെ ആളുകള്‍ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക ചൂണ്ടിക്കാട്ടി.
നേരത്തെയും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ കാല് തൊട്ട് വണങ്ങുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്നും വിവാഹശേഷം ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാണ് താല്‍പര്യമെന്നും സ്വാസിക പറഞ്ഞു.
ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ജനുവരി 19 നാണ് സ്വാസികയുടെ പുതിയ ചിത്രം വിവേകാനന്ദന്‍ വൈറലാണ് റിലീസ് ചെയ്യുന്നത്. കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസികയ്ക്ക് പുറമേ ഗ്രേസ് ആന്റണിയും നായികയായെത്തുന്നുണ്ട്. നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.