Bollywood
‘അമ്മ നിന്നെ മിസ് ചെയ്യും’, സുശാന്ത് നല്‍കിയ സമ്മാനം; സ്‌കോച്ച് വിടവാങ്ങി
‘അമ്മ നിന്നെ മിസ് ചെയ്യും’, സുശാന്ത് നല്‍കിയ സമ്മാനം; സ്‌കോച്ച് വിടവാങ്ങി
നിരവധി ആരാധകരുണ്ടായിരുന്ന ബോളിവുഡ് നടനാണ് സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തോടെയാണ് അദ്ദേഹത്തിന്റെ മുന്‍കാമുകിയും നടിയും മോഡലുമായ അങ്കിത ലോഖണ്ഡെയും വാര്‍ത്തകളില്‍ നിറയുന്നത്. പവിത്ര റിഷ്ത എന്ന പരമ്പരയില്‍ ഒന്നിച്ച് വേഷമിട്ടതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
പ്രണയത്തിലിരുന്ന കാലത്ത് അങ്കിതയ്ക്ക് സുശാന്ത് ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന സ്‌കോച്ച് എന്ന നായകുട്ടിയെ സമ്മാനമായി നല്‍കിയിരുന്നു. 2016 ല്‍ സുശാന്തുമായി വേര്‍പിരിഞ്ഞുവെങ്കിലും സ്‌കോച്ച് അങ്കിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇപ്പോള്‍ സ്‌കോച്ചിന്റെ വിയോഗവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് അങ്കിത. ‘അമ്മ നിന്നെ മിസ് ചെയ്യും’ എന്ന കുറിപ്പോടെയാണ് അങ്കിത ചിത്രം പങ്കുവച്ചത്.
വളര്‍ത്തുമൃഗങ്ങളോട് സുശാന്തിനുള്ള സ്‌നേഹം വലിയ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം പുറത്ത് വന്ന വാര്‍ത്തകളില്‍ ഏവരുടെയും കണ്ണ് നനയിച്ച ഒരു കഥാപാത്രമുണ്ടായിരുന്നു. സുശാന്തിന്റെ വളര്‍ത്തുനായയായിരുന്ന ഫഡ്ജ്. അഞ്ച് വര്‍ഷത്തിലേറെയായി മരണം വരെ സുശാന്തിനൊപ്പമുണ്ടായിരുന്ന ഫഡ്ജ് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു.
2020 ജൂണ്‍ 14 നായായിരുന്നു സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടനെ കാണാതെ ഫഡ്ജ് ഭക്ഷണം പോലും കഴിക്കുന്നില്ലെന്നും ജോലിക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിന് ശേഷം ഒറ്റയ്ക്കായിപ്പോയ ഫഡ്ജിനെക്കുറിച്ച് അന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു.
എന്നാല്‍ പിന്നീടാണ് ആരും ആശങ്കപ്പെടേണ്ടെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിംഗിനൊപ്പം ഫഡ്ജ് സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരി പിന്നീട് വ്യക്തമാക്കിയത്. 2023 ജനുവരിയിലാണ് ഫഡ്ജ് വിടവാങ്ങിയത്.