സമയദോഷം വരുമ്പോൾ അത് കഴിയും പോകും എന്ന് പറയും എന്നാൽ എന്റെ ജീവിതത്തിൽ മുഴുവനും കഷ്ടതകൾ തന്നെ ആയിരുന്നു; സുബ്ബലക്ഷ്മി!
മുത്തശ്ശി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കിയ നർത്തകിയാണ് നടി സുബ്ബലക്ഷ്മി. നന്ദനം, കല്യാണ രാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ നടിയായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയുമാണ്. തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് നടി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്‍മി അഭിനയിച്ചിട്ടുണ്ട്. മകൾ താര കല്യാണും കൊച്ചുമകൾ സൗഭാഗ്യ വെങ്കിടേഷും പങ്കുവയ്ക്കുന്ന വീഡിയോകളിലൂടെ പലപ്പോഴും സുബ്ബലക്ഷ്മി ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന സുബ്ബലക്ഷ്‌മി വിശേഷങ്ങൾക്ക് മാത്രമാണ് മകൾക്കും കൊച്ചുമകൾക്കും ഒപ്പം കൂടാറുള്ളത്.
അതേസമയം ചെറുപ്പകാലത്തും താൻ തനിച്ചായിരുന്നു എന്ന് പറയുകയാണ് സുബ്ബലക്ഷ്മി ഇപ്പോൾ. ആവശ്യങ്ങൾ പറയാനോ അത് കേൾക്കാനോ പോലും തനിക്ക് ആരും ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ മരണശേഷം താനും സഹോദരങ്ങളും തീർത്തും ഒറ്റപ്പെട്ടു പോയെന്നും പറയുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. സുബ്ബലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ .
‘
കൊച്ചു നാൾ തുടങ്ങി കഷ്ടത തുടങ്ങി. സമയദോഷം വരുമ്പോൾ അത് കഴിയും പോകും എന്ന് പറയും എന്നാൽ എന്റെ ജീവിതത്തിൽ മുഴുവനും കഷ്ടതകൾ തന്നെ ആയിരുന്നു. വലിയ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. അച്ഛൻ വലിയ പൊസിഷനിൽ ഉള്ള ആളായിരുന്നു. ദീവാൻ സർ സി പി രാമസ്വാമി അയ്യർ വന്ന് കല്യാണം കഴിപ്പിച്ചു കൊടുത്തതാണ് എന്റെ അമ്മയെ. അത്ര നല്ല ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്,’ആ വീട്ടിലെ ആദ്യത്തെ പെൺകുട്ടി ആയിരുന്നു ഞാൻ. അതുകൊണ്ട് വളരെ ലാളിച്ചാണ് എന്നെ വളർത്തിയത്.
എന്നാൽ 28 വയസുള്ളപ്പോൾ അമ്മ മരിച്ചു. ഈ കാലത്ത് 28 ആം വയസ്സിൽ ആണ് കല്യാണം തന്നെ നടക്കുന്നത്. അന്ന് ആ പ്രായത്തിൽ എന്റെ അമ്മ വിടവാങ്ങി. എനിക്ക് അപ്പോൾ പതിനൊന്ന് വയസ്സ് പോലുമായിരുന്നില്ല. എനിക്ക് താഴെ ഒരു അനുജത്തിയും അനുജനും ഉണ്ടായിരുന്നു. തോട്ടിലിൽ അവരെ കിടത്തി ആട്ടി കൊണ്ടിരിക്കുന്ന ആ പ്രായം, അപ്പോഴാണ് അമ്മ മരിക്കുന്നത്,’
അച്ഛന്റെ എല്ലാ കാര്യങ്ങളും അമ്മ ആയിരുന്നു നോക്കുന്നത്. പുള്ളി ഭയങ്കര സെറ്റപ്പിൽ ഉള്ള ആളായിരുന്നു. ഓഫീസിൽ നിന്നും വന്നാൽ ടൈ അഴിക്കാനും സോക്സ് അഴിക്കാനും വരെ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മരണം അച്ഛന് വലിയ ഷോക്കായിരുന്നു. ഈ കുട്ടികളെ എങ്ങനെ വളർത്തും എന്നായിരുന്നു അച്ഛന് ചിന്ത,’
‘അച്ഛന്റെ ചേച്ചി ഭയങ്കര പണക്കാരിയായിരുന്നു കുട്ടികൾ ഇല്ല. അവരുടെ കൂടെ ആയി ഞങ്ങൾ മൂന്ന് പേരും. ഒരു സാമൂഹിക പ്രവർത്തനം പോലെ ആയിരുന്നു അവർ കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ഞങ്ങൾക്ക് അത് അറിയുന്നുണ്ടായിരുന്നില്ല, കുട്ടികൾ അല്ലെ. ഞങ്ങൾക്ക് അമ്മയുടെ സ്നേഹം ഒക്കെ ആയിരുന്നു അപ്പോൾ ആവശ്യം. അനിയന് ഒന്നര വയസെ ഉണ്ടായിരുന്നുള്ളു. പക്ഷെ അവിടെ ചെന്നപ്പോൾ ഞങ്ങൾ കൂട്ടിലിട്ട കിളികളെ പോലെ ആയി മാറി. ഞങ്ങളുടെ ഈ കഥ എടുത്താൽ ഒരു സിനിമ തന്നെ പിടിക്കാം. ആകെ കെട്ടിയിട്ട പോലെ ആയിരുന്നു,’ സുബ്ബലക്ഷ്മി പറഞ്ഞു.
