Connect with us

പ്രേമലു കണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല, മനസ്സു നിറഞ്ഞ് അഭിനന്ദിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി

News

പ്രേമലു കണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല, മനസ്സു നിറഞ്ഞ് അഭിനന്ദിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി

പ്രേമലു കണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല, മനസ്സു നിറഞ്ഞ് അഭിനന്ദിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി

മലയാളത്തിനുപുറമേ തെലുങ്കിലും വെന്നിക്കൊടി പാറിക്കുകയാണ് ഗിരീഷ് എ.ഡി സംവിധാനംചെയ്ത പ്രേമലു. നസ്ലിനും മമിത ബൈജുവും ശ്യാം മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ സക്‌സസ് മീറ്റ് കഴിഞ്ഞദിവസം നടന്നു. ഈ ചടങ്ങില്‍ പ്രേമലുവിലെ താരങ്ങളേയും അണിയറപ്രവര്‍ത്തകരേയും മനസ്സു നിറഞ്ഞ് അഭിനന്ദിച്ചിരിക്കുകയാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി.

രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ ആണ് പ്രേമലുവിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയത്. മലയാള സിനിമ മികച്ച അഭിനേതാക്കളെ കണ്ടെത്തുന്നതില്‍ വിജയിക്കുന്നുണ്ടെന്നും അതില്‍ തനിക്ക് അല്പം അസൂയയുണ്ടെന്നും രാജമൗലി പറഞ്ഞു. പ്രേമലു കണ്ട് ചിരിയടക്കാന്‍ സാധിച്ചില്ലെന്നുപറഞ്ഞ അദ്ദേഹം സംവിധായകന്‍ ഗിരീഷിനേയും പ്രധാനതാരങ്ങളേയും അഭിനന്ദിച്ചു.

ഗീതാഞ്ജലിയില്‍ അഭിനയിച്ച ഗിരിജാ ഷെട്ടാറിനേയും സായി പല്ലവിയേയും പോലെ നായിക മമിതാ ബൈജു ആരാധകരുടെ ഹൃദയത്തുടിപ്പായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ സിനിമകളാണ് എനിക്കേറെയിഷ്ടം. അതുകൊണ്ട് റൊമാന്റിക് കോമഡി സിനിമകളോ മറ്റ് വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങളോ ആകര്‍ഷിക്കാറില്ല. പ്രേമലു തെലുങ്കില്‍ അവതരിപ്പിക്കാമെന്ന് കാര്‍ത്തികേയ പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ അധികം താത്പര്യം കാണിച്ചില്ല.

എന്നാല്‍ പ്രേമലു തിയേറ്ററില്‍ കണ്ടപ്പോള്‍ ഒരുപാട് ഇഷ്ടമായി. ഇതിനുമുമ്പ് ഇതുപോലെ ഒരു സിനിമ കണ്ട് ഇത്രയും പൊട്ടിച്ചിരിച്ചത് എന്നാണെന്നോര്‍മയില്ല. അതിന് ആദ്യം ക്രെഡിറ്റ് നല്‍കേണ്ടത് എഴുത്തുകാരന് തന്നെയാണ്. രാജമൗലി പറഞ്ഞു. ‘അമല്‍ എന്ന താരം വളരെ നന്നായി അഭിനയിച്ചു. എന്റെ ചെല്ലപ്പേര് അമുല്‍ എന്നാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് നമുക്കെല്ലാവര്‍ക്കുമുണ്ടാവും അമലിനേപ്പോലൊരു സുഹൃത്ത്. ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു സാധാരണ പയ്യന്‍ എന്നാണ് സച്ചിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനെക്കുറിച്ച് തോന്നിയത്.

സിനിമ കണ്ടപ്പോള്‍ നസ്ലിനെ ഒരുപാട് ഇഷ്ടമായി. സച്ചിനെപ്പോലെ ഒരു ചെറുപ്പക്കാരനെ കണ്ടാല്‍ തലയ്ക്ക് ഒരു അടി കൊടുത്തിട്ട്, മര്യാദയ്ക്ക് ഒരു ജോലിയൊക്കെ ചെയ്ത് ആ പെണ്ണിനെ പ്രേമിക്കെടാ എന്ന് പറഞ്ഞേനേ. സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട നസ്‌ലിന്റെ റിയാക്ഷന്‍ ഏതാണെന്നു ചോദിച്ചാല്‍, അവസാന ഭാഗത്ത് ടെറസില്‍ ഇരുന്ന് മദ്യപിക്കുന്ന സീനുണ്ട്.

അപ്പോള്‍ റീനുവിന്റെ കഥാപാത്രത്തെ കാണുമ്പോള്‍ നസ്‌ലിന്‍ ഒരു ആംഗ്യം കാണിക്കുന്നുണ്ട്. അത് കണ്ടപ്പോള്‍ തിയേറ്റര്‍ മൊത്തം കൈയടിയായിരുന്നു. കാരണം അതുവരെ ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ നെര്‍വസ് ആയിരിക്കുന്ന സച്ചിന്‍ ഭയങ്കര ആറ്റിറ്റിയൂഡില്‍ ആ ഹായ് കൊടുക്കുന്നത് പ്രതീക്ഷിക്കാത്തതായിരുന്നു. നസ്ലിന് ഉറപ്പായും നല്ലൊരു ഭാവിയുണ്ട്. ശ്യാം അവതരിപ്പിച്ച ആദി എന്ന കഥാപാത്രത്തേക്കുറിച്ച് രാജമൗലി എടുത്തുപറഞ്ഞു.

സോഫ്റ്റ്‌വയര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാരുടെ മാനറിസം ആദി എന്ന ശ്യാം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട സീന്‍ മമിതയും ശ്യാമും അവതരിപ്പിച്ച ദേവരാഗം നൃത്തമാണ്. ആദ്യം മുതല്‍ അവസാനം വരെ ആദി എന്ന കഥാപാത്രം വളരെ രസകരമായിരുന്നു. അതുപോലെ നല്ലൊരു എന്‍ഡിങ് ആണ് ആ കഥാപാത്രത്തിന് കിട്ടിയത്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഒരുപാട് ആരാധകരുള്ള മലയാളസിനിമയിലെ നിങ്ങളുടെ മുന്‍ഗാമികളുടെയെല്ലാം നല്ല പേര് നിലനിര്‍ത്താന്‍ നിങ്ങള്‍ക്കായിട്ടുണ്ടെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top