News
‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്
‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്
28ാമത് ഐ.എഫ്.എഫ്.കെയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ എട്ടിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംവിധായികയ്ക്ക് പുരസ്‌കാരം നല്‍കി ആദരിക്കും.
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. അവകാശപ്പോരാട്ടത്തിന്റെ പേരില്‍ ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയാവുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി 27ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹയായി.
വനൂരി കഹിയു സംവിധാനം ചെയ്ത ‘ ഫ്രം എ വിസ്പര്‍’ എന്ന ചിത്രത്തിന് 2009ല്‍ ആഫ്രിക്ക മൂവി അക്കാദമി അവാര്‍ഡിലെ മികച്ച സംവിധായിക, മികച്ച തിരക്കഥ, മികച്ച ചിത്രം എന്നിവയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ആഫ്രിക്കന്‍ കലയെ പിന്തുണയ്ക്കുന്ന അഫ്രോബബ്ലെഗം എന്ന മീഡിയ കൂട്ടായ്മയുടെ സഹസ്ഥാപക കൂടിയാണ് വനൂരി കഹിയു.
കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയന്‍ ചിത്രമായ ‘റഫീക്കി’യാണ് വനൂരിയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയയാക്കിയത്.