Connect with us

28മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ബോളിവുഡ് നടന്‍ നാനാ പടേക്കര്‍

News

28മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ബോളിവുഡ് നടന്‍ നാനാ പടേക്കര്‍

28മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ബോളിവുഡ് നടന്‍ നാനാ പടേക്കര്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കാണികള്‍ കരഘോഷത്തോടെയാണ് മുഖ്യാതിഥിയായ ബോളിവുഡ് നടന്‍ നാനാ പടേക്കറെ വേദിയിലേക്ക് സ്വീകരിച്ചത്.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പ്രസംഗം നടത്തി.പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനിലൂടെ അധ്യക്ഷ പ്രസംഗം നടത്തി. സ്ത്രീ സംവിധായകരെ പിന്തുണയ്ക്കുന്ന മേളയാണ് ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനെ മുഖ്യാഥിതിയായി വിളിച്ചുവെന്നും പരിപാടി എന്നാണെന്നു അദ്ദേഹം ചോദിച്ചു എന്നും രഞ്ജിത്ത് ചടങ്ങില്‍ പറഞ്ഞു. എട്ടാം തീയതിയാണ് പരിപാടി എന്ന് അറിയിച്ചപ്പോള്‍ അന്നെനിക്ക് പനിയായിരിക്കും എന്നാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും രഞ്ജിത്ത് പറഞ്ഞു.

തുടര്‍ന്നാണ് നാനാ പടേക്കറിലേയ്ക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരക്കിനെ പക്വതയോടെ കൈകാര്യം ചെയ്യണമെന്ന് കുസാറ്റിലെ സംഭവത്തെ മുന്‍നിര്‍ത്തി രഞ്ജിത്ത് മുന്നറിയിപ്പ് നല്‍കി. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് മുഖ്യാതിഥി നാനാ പടേക്കറിന് ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സമ്മാനിച്ചു.

ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകള്‍ പരിചയപ്പെടുത്തി സംസാരിച്ചു.ഫെസ്റ്റിവല്‍ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എല്‍.എ മധുപാലിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിന്‍ അഡ്വ. ഡി.സുരേഷ് കുമാര്‍ പ്രകാശനം ചെയ്തു. അക്കാദമി ജേണല്‍ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പിന്റെ പ്രകാശനകര്‍മ്മം റസൂല്‍ പൂക്കുട്ടി പ്രേംകുമാറിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാര്‍, അന്താരാഷ്ട്ര മല്‍സര വിഭാഗം ജൂറി ചെയര്‍പേഴ്‌സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ്, അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

More in News

Trending

Uncategorized