സിനിമാകുടുംബത്തില്‍ നിന്നും അഭിനയത്തിലേക്ക് എത്തിയ താരമാണ് വിനു മോഹന്‍. അമ്മ ശോഭ മോഹനും അമ്മാവന്‍ സായ് കുമാറും ഒക്കെ സിനിമയില്‍ സജീവമാണ്. താരം ആദ്യം നായകനായി എത്തിയ ‘നിവേദ്യം’ സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഈ സിനിമയിലൂടെ നിരവധി ആരാധകരെയും താരത്തിന് ലഭിച്ചിട്ടുണ്ട്.
ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള ഒരു രസകരമായ സംഭവമാണ് താരത്തിന്റെ അമ്മ ശോഭ മോഹന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ആരാധന മൂത്ത് വിനുവിനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി വീട്ടില്‍ എത്തിയതിനെ കുറിച്ചാണ് ശോഭ മോഹന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
‘ചക്കന്‍കുളങ്ങരയിലെ ഞങ്ങളുടെ വീട്ടിലേക്കാണ് വിനുവിനെ അന്വേഷിച്ച് ഒരു പെണ്‍കുട്ടി ബാഗുമായി ഓട്ടോയില്‍ എത്തിയത്. അനുവും എന്റെ ഭര്‍ത്താവും മുറ്റത്ത് എന്തോ ജോലിയിലായിരുന്നു. വിനു മോഹന്റെ വീടില്ലേ എന്ന് ചോദിച്ചു. മോഹനകൃഷ്ണനൊപ്പം താമസിക്കാന്‍ വന്നതാണെന്ന് പറഞ്ഞു.’
‘നിവേദ്യം സിനിമയും മോഹനകൃഷ്ണന്‍ എന്ന വിനുവിന്റെ കഥാപാത്രത്തിനും ഒരുപാട് ആരാധകരുണ്ടായിരുന്നു. അച്ഛന്‍ ഒരു തരത്തില്‍ ഉപദേശിച്ച് ആ പെണ്‍കുട്ടിയെ പറഞ്ഞയച്ചു. ആ സമയത്ത് ഒരുപാട് പ്രേമലേഖനങ്ങള്‍ വിനുവിന് വരുമായിരുന്നു. ഞങ്ങളെല്ലാം കൂടി ഇരുന്നാണ് മറുപടി എഴുതി അയച്ചിരുന്നത്.’
‘അതില്‍ രക്തത്തില്‍ എഴുതിയ കത്തുകളുമുണ്ടായിരുന്നു’ എന്നാണ് ശോഭ മോഹന്‍ പറയുന്നത്. അതേസമയം, ലോഹിതദാസിന്റെ സംവിധാനത്തില്‍ 2007ല്‍ ആണ് നിവേദ്യം എന്ന സിനിമ എത്തുന്നത്. ഭാമ നായികയായ ചിത്രത്തില്‍ നെടുമുടി വേണു, ഭരത് ഗോപി, എം.ബി പദ്മകുമാര്‍, അപര്‍ണ നായര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.