സിനിമ കാരണം മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ല; റിലേഷനിൽ പരാജയം ; തുറന്ന് പറഞ്ഞ് ഷൈൻ
സോഷ്യൽ മീഡിയയുടെയും പൊതുസമൂഹത്തിന്റെയും ഓഡിറ്റിംഗിന് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന ഒരാളാണ് ഷൈൻ ടോം ചാക്കോ.പ്രത്യേകിച്ച് അടുത്തിടെയായി നിരന്തരം വിവാദങ്ങളിൽ പെടുന്ന നടനാണ് ഷൈൻ ടോം ചാക്കോ. കരിയറിൽ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ തന്നെയാണ് നടൻ വിവാദങ്ങളിലൂടെ വാർത്തകളിലും നിറയുന്നത്. മലയാള സിനിമയിൽ നായകനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിൽക്കുകയാണ് ഷൈൻ ഇപ്പോൾ. 2022 ശരിക്കും പറഞ്ഞാൽ ഷൈൻ ടോം ചാക്കോയുടെ വർഷമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.
അതിൽ തന്നെ ഭീഷ്മപർവ്വം, തല്ലുമാല തുടങ്ങിയ സിനിമകളിൽ ഗംഭീര പ്രകടനവുമായി ഷൈൻ കയ്യടി നേടുകയും ചെയ്തിരുന്നു. ഓരോ സിനിമയിറങ്ങുമ്പോഴും തന്റെ ഗ്രാഫ് ഉയർത്തുകയാണ് ഷൈൻ. അതേസമയം വിവാദങ്ങളിലൂടെ ആ പേര് കളങ്കപ്പെടുകയും ചെയ്യുന്നുണ്ട്. അഭിമുഖങ്ങളിൽ നടത്തുന്ന പരാമർശങ്ങളും ചില പെരുമാറ്റങ്ങളുമാണ് നടനെതിരെയുള്ള വിമർശനങ്ങൾക്ക് കാരണമാകാറുള്ളത്.
കഴിഞ്ഞ ദിവസം ദുബായ് എയർപോർട്ടിൽ വിമാനത്തിനുള്ളിൽ അസ്വാഭാവിക പെരുമാറ്റം കാണിച്ച് വിമാനത്തിന്റെ കോക്പീറ്റിൽ കയറാൻ ശ്രമിച്ച നടനെ വിമാനത്തിനുള്ളിൽ നിന്ന് പുറത്താക്കിയത് വലിയ വാർത്ത ആയിരുന്നു. ഷൈനിന്റെ ഷൂട്ടിങ് സെറ്റിലെ പെരുമാറ്റത്തെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ നടത്തിയ വെളിപ്പെടുത്തലും നടനെതിരെയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരുന്നു.
ഇപ്പോഴിതാ, അഭിനയത്തിൽ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലെല്ലാം താൻ പരാജയമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. സിനിമ കാരണം തന്റെ മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും വിവാഹ ബന്ധങ്ങളോ റിലേഷൻഷിപ്പുകളോ പരിപാലിക്കാൻ തനിക്ക് കഴിയാത്തത് അതുകൊണ്ടാണെന്നുമാണ് ഷൈൻ പറയുന്നത്. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
സിനിമ കാരണം മറ്റ് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് ഷൈൻ പറയുന്നു. അതുകൊണ്ടണ് വിവാഹ ബന്ധങ്ങൾ അല്ലെങ്കിൽ റിലേഷൻഷിപ്പ് ഒന്നും തനിക്ക് മൈന്റെയിൻ ചെയ്യാൻ കഴിയാത്തത്. അഭിനയം ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളിലും ഭയങ്കര പരാജയമാണ്. അച്ഛനോടുള്ള റിലേഷൻ, അമ്മയോടൊളുള്ള റിലേഷൻ, അനിയനോടുള്ള റിലേഷൻ, അനിയത്തിയോടുള്ള റിലേഷൻ, അങ്ങനെ എല്ലാവരോടുമുള്ള റിലേഷനിലും താൻ പരാജയമാണെന്ന് ഷൈൻ സമ്മതിക്കുന്നു.
ക്യാമറയുടെ മുന്നിൽ തനിക്ക് വളരെ നാച്ചുറലായി നിൽക്കേണ്ടതു കൊണ്ടാണ് അതിലൊക്കെ പരാജയപ്പെടുന്നത്. അവരൊക്കെ എത്രകാലം കൂടെയുണ്ടാകും? നമ്മുടെ ജീവനുണ്ടാകുന്ന കാലം വരെ ഉണ്ടാകുമോ? അല്ലെങ്കിൽ അവർക്ക് ജീവനുള്ള കാലം വരെ നമ്മൾ ഉണ്ടാകുമോ.
നമ്മൾ കൂടെ കൊണ്ട് പോകേണ്ടത് നമ്മുടെ ആത്മാവിനെയാണ്. അതുകൊണ്ട് നമ്മൾ നമ്മുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തണം. അല്ലാതെ ആളുകളെ സംതൃപ്തിപ്പെടുത്തുകയല്ല വേണ്ടത്. അവരെ നമ്മൾ ഓവറായി ഉള്ളിലേക്ക് എടുത്താൽ അവരുടെ പരിപാടിയും നടക്കില്ല, നമ്മുടെ പരിപാടിയും നടക്കില്ല. അതല്ലേ പ്രണയം. പ്രണയത്തിൽ ശരിക്കും സ്നേഹമുണ്ടോയെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.
ഭാരത സർക്കസ് ആണ് ഷൈനിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്നാണ് ഷൈൻ അവതരിപ്പിക്കുന്നത്. ബിനു പപ്പു, എം എ നിഷാദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
