Connect with us

ഷാരൂഖ് ഖാന്‍ ആശുപത്രിയില്‍!

Bollywood

ഷാരൂഖ് ഖാന്‍ ആശുപത്രിയില്‍!

ഷാരൂഖ് ഖാന്‍ ആശുപത്രിയില്‍!

നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേത്തിന്റെ ആരാധകരെ ഏറെ നിരാശയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ നിരവധി ആരാധകരാണ് ആശങ്കയറിയിച്ചിരിക്കുന്നത്.

അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ഐപില്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും ആദ്യ പ്ലേഓഫ് മത്സരം കാണാനായി താരം അഹമ്മദാബാദില്‍ എത്തിയിരുന്നു. മത്സരത്തിനിടെ ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഷാരൂഖ് അസുഖ ബാധിതനായെന്നാണ് റിപ്പോര്‍ട്ട്.

ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയിട്ടാണ് ഷാരൂഖ് ഗുജറാത്തിലെത്തിയത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് ഷാരൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഷാരൂഖിന് കടുത്ത ഉഷ്ണ തരംഗത്തെ തുടര്‍ന്ന് നിര്‍ജലീകരണം സംഭവിച്ചുവെന്നും ഇതോടെ ക്ഷീണിതനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഷാരൂഖ് ഖാനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടില്ല. താരത്തിന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

നിരവധി ആരാധകരാണ് ഷാരൂഖിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ചത്. ഷാരൂഖിന് സുഖമായിരിക്കുന്നുവെന്ന് കരുതുന്നു, കിംഗ് ആരോഗ്യത്തോടെ തിരിച്ചുവരട്ടെ എന്ന് നിരവധി പേര്‍ എക്‌സില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിലെത്തിയതിന് പിന്നാലെ മകള്‍ സുഹാനയ്ക്കും ഇളയ മകന്‍ അബ്‌റാമിനുമൊപ്പം വിക്ടറി ലാപ്പും ഷാരൂഖ് നടത്തിയിരുന്നു.

ആരാധകര്‍ക്കായി കൈ വിടര്‍ത്തി കൊണ്ടുള്ള തന്റെ സിനിമകളിലെ പോലെ പോസും ചെയ്തിരുന്നു ഷാരൂഖ്. ഹൈദരാബാദ് താരങ്ങളുമായി സംസാരിച്ച ഷാരൂഖ് അവരെയും പ്രചോദിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് ഷാരൂഷ്, സുജോയ് ഘോഷിന്റെ കിംഗ് എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.

മകള്‍ സുഹാനയ്‌ക്കൊപ്പമാണ് ഈ ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുക. നെഗറ്റീവ് ഷേഡുള്ള ഡോണ്‍ കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ജോലി ഭാരം കൂടിയത് കൊണ്ട് താല്‍ക്കാലികമായി ഇടവേളയെടുത്തതാണെന്നും ഷാരൂഖ് നേരത്തെ പറഞ്ഞിരുന്നു. ഈ സമയം ഐപിഎല്‍ ടീമായ കെകെആറിന്റെ മത്സരങ്ങള്‍ കാണാനും ടീമിനെ പ്രോത്സാഹിപ്പിക്കാനുമാണ് സമയം ചെലവിടുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാന്‍ ആഘോഷമാക്കിയ വര്‍ഷമായിരുന്നു 2023. ജനുവരിയില്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 500 കോടിയിലധികം കളക്റ്റ് ചെയ്യുകയും ചെയ്തു.

പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റാകുകയും കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 600 കോടിയിലേറെ രൂപയാണ് ജവാന്‍ ഇന്ത്യയില്‍ നിന്നും നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ അവസാന റിലീസ് ആയ ഡങ്കിയും സൂപ്പര്‍ഹിറ്റായിരുന്നു. ഇതോടെ മൂന്ന് ഹിറ്റുകളിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യന്‍ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാന്‍ മാറി.

More in Bollywood

Trending