‘സിനിമകൾ ഇല്ലാത്തപ്പോൾ സ്വയം ഇരുന്ന് കരഞ്ഞിട്ടുണ്ട് ; ചാൻസ് ചോദിച്ച് കിട്ടാതിരിക്കുമ്പോൾ കരഞ്ഞു തീർക്കാനെ പറ്റുകയുള്ളു,;സൈജു കുറുപ്പ്. ‘
ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നായകന്‍, സഹനടന്‍, വില്ലന്‍, കോമഡി കഥാപാത്രങ്ങള്‍ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് സൈജു കുറുപ്പ് തെളിയിക്കുകയും ചെയ്തു.
എന്നാല്‍ കോമഡി സിനിമകളിലൂടെയാണ് സൈജു താരമായി മാറുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു സൈജുവിന്റെ കരിയറിൽ ആദ്യ ബ്രേക്ക് നൽകുന്നത്. പിന്നീട് ആടിലെ അറക്കല്‍ അബു ആയും മറ്റു വേഷങ്ങളിലൂടെയും സൈജു തിളങ്ങുകയായിരുന്നു.
ഇന്ന് മലയാള സിനിമയില്‍ ഏറെ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് സൈജു കുറുപ്പ്. സഹനടന്‍ വേഷങ്ങളിലെത്തി ചിരിപ്പിച്ച സൈജു കുറുപ്പ് ഇപ്പോൾ നായക നടനായും മറ്റുമൊക്കെ മാറിയിരിക്കുകയാണ്. അതിനിടെ വെബ് സീരീലും സൈജു കുറുപ്പ് സാന്നിധ്യം അറിയിച്ചു. എന്നാൽ കരിയറിൽ മോശം സമയങ്ങളിലൂടെ സൈജു പലപ്പോഴും കടന്നു പോയിട്ടുണ്ട്. അവസരങ്ങൾ ലഭിക്കാതെ നടന്ന സമയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്നെല്ലാം കരച്ചിൽ തന്നെ ആയിരുന്നെന്നും പറയുകയാണ് സൈജു ഇപ്പോൾ.
‘സിനിമകൾ ഇല്ലാത്ത സമയത്ത് ഭയങ്കരമായി ഫീൽ ചെയ്യുമായിരുന്നു. സിനിമകൾ ഇല്ലാതെ ഇരിക്കുന്ന സമയത്ത് തന്നെ നവരസ നായകൻ എന്നൊരു പേരും കിട്ടി. ഷോക്ക് കൊടുത്തതും മുഖത്തു എക്സ്പ്രഷൻ വരാത്ത ആൾ എന്ന നിലയ്ക്കാണ് ആ പേര് വന്നത്. ഫോറം കേരള എന്ന് പറഞ്ഞ് ഒരു വെബ്‌സൈറ്റിൽ സിനിമ ഇഷ്ടപ്പെടുന്ന ചിലർ ഉണ്ടായിരുന്നു. അവരാണ് അങ്ങനെ ഒരു പേര് തന്നത്. ആദ്യം സുപ്രീം സ്റ്റാർ എന്നായിരുന്നു. സർകാസം ആയിട്ട് ആയിരുന്നു,’
‘പിന്നീട് ഞാൻ അത് എന്ജോയ് ചെയ്യാൻ തുടങ്ങി. സിനിമകൾ കിട്ടി തുടങ്ങിയപ്പോൾ ട്രോളുകളും എൻജോയ് ചെയ്യാം എന്ന ഒരു നിലയിലായി. സിനിമകൾ ഇല്ലാത്തപ്പോൾ ഏതാണ് സിനിമ എന്നൊക്കെ ചോദിക്കുമ്പോൾ ഫീൽ ചെയ്യുമായിരുന്നു. ജോലി ഒന്നും ആയില്ലേ എന്ന് ചോദിക്കുന്ന പോലെയാണ് അത്,’ എന്നും മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞു.
‘സിനിമകൾ ഇല്ലാത്തപ്പോൾ സ്വയം ഇരുന്ന് കരഞ്ഞിട്ടുണ്ട്. അച്ഛൻ മരിച്ചപ്പോഴും ഒരുപാട് കരഞ്ഞിട്ടുണ്ട്. ആളുകളുടെ മുന്നിൽ കരഞ്ഞ് അവരെയും കൂടി ബുദ്ധിമുട്ടിക്കാൻ കഴിയില്ല. അതുകൊണ്ട് ഒറ്റയ്ക്ക് പോയിരുന്നാണ് കരയുക. സിനിമകൾ ഇല്ലാതിരുന്ന സമയത്ത്, ഞാൻ ഓഫീസ് എന്ന് വിളിക്കുന്ന എന്റെയൊരു സ്‌പേസ് ഉണ്ട് പനമ്പിള്ളി നഗറിൽ. എത്രയോ പ്രാവശ്യം ഞാൻ അവിടെ ഒറ്റയ്ക്കിരുന്ന് കരഞ്ഞിരിക്കുന്നു. ചാൻസ് ചോദിച്ച് കിട്ടാഞ്ഞിട്ട് ആണ്. അതൊക്കെ കരഞ്ഞു തീർക്കാനെ പറ്റുകയുള്ളു,’ എന്നാണ് സൈജു പറഞ്ഞത്.
അടുത്തിടെ സിനിമകളിൽ നിരന്തരം കടക്കാരൻ ആകുന്നു എന്ന പേരിൽ സൈജുവിന് സോഷ്യൽ മീഡിയ ഡെബ്റ്റ് സ്റ്റാർ എന്നൊരു പേര് നൽകിയിരുന്നു. അത് സൈജു തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ താന് ആകെ രണ്ടു പേരോട് മാത്രമേ കടം വാങ്ങിയിട്ടുള്ളു എന്നാണ് സൈജു പറയുന്നത്. ഒന്നാമതായി അച്ഛന്റെ അടുത്ത് നിന്നാണ് കടം വാങ്ങിയത്. ആ കടങ്ങൾ ഒന്നും തിരികെ നൽകിയിട്ടില്ല.
രണ്ടാമത് അമ്മായി അച്ഛന്റെ അടുത്ത് നിന്നാണ്. അത് തിരികെ നൽകി എന്നുമാണ് സൈജു പറഞ്ഞത്. അതേസമയം, ലോണിന്റെ രൂപത്തിൽ ബാങ്കിൽ നിന്നൊക്കെ കടം വാങ്ങിയിട്ടുണ്ടെന്ന് സൈജു പറഞ്ഞു. അതല്ലാതെ മറ്റു കടങ്ങളൊന്നും ജീവിതത്തിൽ ഇല്ലെന്നും നടൻ വ്യക്തമാക്കി.
അതേസമയം, എങ്കിലും ചന്ദ്രികേ ആണ് സൈജുവിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പല്ലൊട്ടി, രജനി എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ അണിയറയിലും ഒരുങ്ങുന്നുണ്ട്.