ആ ആഗ്രഹം അച്ഛൻ നടത്തി തന്നില്ല; ഒടുവിൽ വാശി തീർത്തത് ഇങ്ങനെ; ധ്യാൻ ശ്രീനിവാസൻ പറയുന്നു
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. സരസമായ സംഭാഷണങ്ങളിലൂടെയും തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിൽ താരമായി മാറുന്ന ധ്യാന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
അച്ഛനെയും ചേട്ടനെയും പോലെ മലയാള സിനിമയുടെ വിവിധ മേഖലകളിൽ ധ്യാൻ ഇതിനകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിനെ ആരാധകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കുന്നത്. അതുപോലെ എല്ലാം തുറന്നു പറയുന്ന രീതിയും ധ്യാനിന് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്.
അതുകൊണ്ട് ധ്യാൻ നൽകുന്ന അഭിമുഖങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. കഥകൾ കൊണ്ട് നിറഞ്ഞതാകും ധ്യാനിന്റെ മിക്ക അഭിമുഖങ്ങളും. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ തന്നെയാണ് ധ്യാൻ കൂടുതലും പങ്കുവയ്ക്കാറുള്ളത്. കൂടുതൽ തന്റെ അച്ഛനും ചേട്ടനും അടുത്ത സുഹൃത്തുക്കളുമായൊക്കെ ബന്ധപ്പെട്ടതായിരിക്കും. ഇപ്പോഴിതാ, അടുത്തിടെ റെഡ് എഫ് എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ അച്ഛനോട് തീർത്ത വാശിയെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്
തനിക്ക് ബൈക്ക് വേണമെന്ന് പണ്ട് ഉണ്ടായിരുന്ന വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ അച്ഛൻ ശ്രീനിവാസൻ അത് വാങ്ങി തന്നില്ല. പിന്നീട് സ്വന്തമായി പൈസ ആയപ്പോൾ ആറ്, ഏഴ് ബൈക്ക് വാങ്ങി വീട്ടുമുറ്റത്ത് നിർത്തിയിട്ട് അച്ഛനോട് വാശി കാണിച്ചുവെന്നാണ് ധ്യാൻ പറഞ്ഞത്. എന്നാൽ ബൈക്ക് ഓടിക്കാൻ തനിക്ക് ഇപ്പോൾ പേടിയാണെന്നും ധ്യാൻ പറയുന്നുണ്ട്. വിശദമായി വായിക്കാം.
‘ഏകദേശം അഞ്ച്, ആറ് വർഷങ്ങൾക്ക് മുമ്പ് ഭയങ്കര ലാവിഷ് ജീവിതമായിരുന്നു എന്റേത്. പത്ത് വർഷം മുൻപ് അച്ഛന്റെ കാശിലായിരുന്നു ജീവിച്ചത്. ചേട്ടനും പൈസ തരുമായിരുന്നു. അതുകൊണ്ട് പൈസയെക്കുറിച്ച് ഒന്നും ചിന്തിക്കേണ്ടായിരുന്നു. കാരണംകണ്ടവന്റെ പൈസയല്ലേ, അച്ഛനാണെങ്കിലും ഞാൻ കഷ്ടപ്പെടുന്നില്ലല്ലോ. അതുകൊണ്ട് ലാവിഷായി ജീവിച്ചു. സ്വന്തമായി പൈസ ഉണ്ടാക്കി തുടങ്ങിയപ്പോൾ ചെറിയ രീതിയിൽ പിശുക്കാൻ തുടങ്ങി. പിശുക്കെന്ന് പറഞ്ഞാലും ആവശ്യമുള്ള സാധനങ്ങൾക്ക് എല്ലാം നന്നായി ചിലവാക്കുന്ന വ്യക്തിയാണ് ഞാൻ.
‘അതിനപ്പുറത്തേക്ക് അനാവശ്യമായി വിലയുള്ള വാച്ചുകളോ ചെരുപ്പുകളോ ഒന്നും ഞാൻ വാങ്ങാറില്ല. ഏറ്റവും കൂടുതൽ ഞാൻ കാശ് കളയുന്നത് വണ്ടി വാങ്ങിയാണ്. പഠിക്കുന്ന സമയത്ത് സ്വന്തമായിട്ട് ബൈക്ക് വേണമെന്നത് എന്റെ വലിയ ആഗ്രഹം ആയിരുന്നു. വീട്ടിൽ നിന്ന് എനിക്ക് വാങ്ങി തരില്ലായിരുന്നു. സ്വന്തമായി പൈസ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു വാശിയുണ്ടായിരുന്നു. കിട്ടുന്ന കാശിന് എല്ലാം ബൈക്ക് വാങ്ങണമെന്ന്. കുറേ ബൈക്ക് വാങ്ങി വീടിന്റെ മുന്നിലിട്ട് അച്ഛനെ വെറുപ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു,’പണ്ട് കൂട്ടുകാരുടെ ഒക്കെ ബൈക്ക് എടുത്താണ് പോയിരുന്നത്.
വീട്ടുകാർക്ക് പേടിയായത് കൊണ്ടാണ്. ബൈക്ക് ഓടിച്ച് ആക്സിഡന്റ് ആയി മരിക്കുന്നവരെ കൺമുന്നിൽ കാണാൻ ഇടയായതിന് ശേഷം എനിക്കും ബൈക്കിനോട് പേടിയായി. കയ്യിൽ പൈസ വന്നപ്പോഴേക്കും ബൈക്കിനോട് പേടിയായി തുടങ്ങിയിരുന്നു. പക്ഷെ പണ്ടത്തെ വാശി ഉള്ളിൽ ഉള്ളത് കൊണ്ട് കിട്ടുന്ന കാശിനൊക്കെ ബൈക്ക് വാങ്ങിക്കാൻ തുടങ്ങി. അങ്ങനെ ഒരു ആറ്, ഏഴ് ബൈക്ക് ഞാൻ വാങ്ങി,’
എന്നാണ് ധ്യാൻ പറഞ്ഞത്.ഖാലി പേഴ്‌സ് ഓഫ് ബില്യണെഴ്സ് ആണ് ധ്യാനിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നദികളിൽ സുന്ദരി യമുന, ബുള്ളറ്റ് ഡയറീസ് തുടങ്ങിയവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. ഇത് കൂടാതെ നിരവധി സിനിമകൾ ധ്യാനിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചേട്ടൻ വിനീത് ശ്രീനിവാസന് ഒപ്പമുള്ള ഒരു ചിത്രവും ഈ വർഷമവസാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.