Cricket
നടന്‍ സൂര്യയ്‌ക്കെതിരെ ബോള്‍ ചെയ്ത് സച്ചിന്‍, ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി സച്ചിനും സൂര്യയും!
നടന്‍ സൂര്യയ്‌ക്കെതിരെ ബോള്‍ ചെയ്ത് സച്ചിന്‍, ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി സച്ചിനും സൂര്യയും!
ഇന്ത്യയിലെ ആദ്യ ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആഘോഷമാക്കി സിനിമാ-ക്രിക്കറ്റ് താരങ്ങള്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, രാം ചരണ്‍, സൂര്യ തുടങ്ങി വമ്പന്‍ താരനിരയാണ് ഇന്ത്യന്‍ സ്ട്രീറ്റ് പ്രിമിയര്‍ ലീഗ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. ക്രിക്കറ്റ് താരങ്ങളെയും സിനിമാ മേഖലയിലെ പ്രമുഖരെയും ഉള്‍പ്പെടുത്തി സൗഹൃദ മത്സരം സംഘടിപ്പിച്ചിരുന്നു.
മാസ്റ്റര്‍ ഇലവനും ഖിലാഡി ഇലവനും തമ്മിലായിരുന്നു മത്സരം. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇടവേളയ്ക്ക് ശേഷം കളത്തിലെത്തുകയും ബാറ്റിങ്ങിലും ബൗളിങ്ങിലും കൈവെയ്ക്കുകയും ചെയ്തത് ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി. നടന്‍ സൂര്യയ്‌ക്കെതിരെയും സച്ചിന്‍ ബോള്‍ ചെയ്യുകയുണ്ടായി. സച്ചിന്റെ കടുത്ത ആരാധകനാണ് സൂര്യ. നേരത്തെ സച്ചിനൊപ്പം നിന്ന് ചിത്രമെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ മുഹൂര്‍ത്തമാണെന്ന് സൂര്യ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം ഒരുമിച്ചു മത്സരിക്കാന്‍ അവസരം ലഭിച്ചത് സൂര്യക്ക് അവിസ്മരണീയ നിമിഷമായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ സച്ചിന്‍ 16 പന്തില്‍ 30 റണ്‍സെടുത്താണ് പുറത്തായത്. സച്ചിന്റെ വിക്കറ്റ് ബിഗ്‌ബോസ് 17ാം സീസണ്‍ ജേതാവായ മുനവര്‍ ഫറൂഖിയാണ് നേടിയത്. 10 ഓവറില്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തില്‍ 6 റണ്‍സിന് മാസ്റ്റര്‍ 11 ജയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്. കേരളത്തില്‍ നിന്നടകം പല യുവതാരങ്ങള്‍ക്കും ടൂര്‍ണമെന്റില്‍ അവസരം ലഭിച്ചിട്ടുണ്ട്.
അക്ഷയ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീനഗര്‍ കെ വീര്‍, അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള മജ്ഹി മുംബൈ, ഹൃതിക് റോഷന്റെ ഉടമസ്ഥതയിലുള്ള ബെംഗളൂരു സ്ട്ടിക്കേഴ്‌സ്, സൂര്യയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സിങ്കംസ്, രാം ചരണിന്റെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, കരീന–സെയ്ഫ് അലിഖാന്‍ ദമ്പതികളുടെ ടൈഗേഴ്‌സ് ഓഫ് കൊല്‍ക്കത്ത എന്നിവയാണ് ടൂര്‍ണമെന്റിലെ പ്രമുഖ ടീമുകള്‍. മാര്‍ച്ച് 6 മുതല്‍ 15 വരെ മുംബൈയിലാണ് ഐഎസ്പിഎല്‍ നടക്കുക.