Connect with us

രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദര്‍ശന്‍

Malayalam

രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദര്‍ശന്‍

രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യു ഡ്രാമയുമായി പ്രിയദര്‍ശന്‍

പുതിയ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ച ചെങ്കോലിന്റെ കഥപറയുന്ന ഡോക്യുമെന്ററിക്ക് ശേഷം ദേശീയരാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്ന മറ്റൊരു വിഷയം ചിത്രീകരിക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യു ഡ്രാമയുടെ ചിത്രീകരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. ചരിത്ര പണ്ഡിതര്‍, പുരാവസ്തു വിദഗ്ധര്‍, പുരാണഇതിഹാസ പണ്ഡിതര്‍ എന്നിവരടങ്ങിയ ഒരു സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് രാമക്ഷേത്രത്തിന്റെ ചരിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കവിയും ഗാനരചയിതാവും കേന്ദ്രം ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സനുമായ പ്രസൂണ്‍ ജോഷി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രസ്റ്റ് ചെയര്‍മാനുമായ നൃപേന്ദ്ര മിശ്ര, അയോധ്യ രാജവംശത്തിലെ പ്രമുഖനും എഴുത്തുകാരനുമായ യതീന്ദ്രമിശ്ര എന്നിവരും ചലച്ചിത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വവും നിര്‍ദ്ദേശങ്ങളും നല്‍കുന്നു.

ലക്‌നൗ, അയോധ്യ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഡോക്യു ഡ്രാമയുടെ പിന്നില്‍ പ്രിയദര്‍ശനൊപ്പം മറ്റ് രണ്ട് പ്രസിദ്ധമലയാളികള്‍ കൂടിയുണ്ട്: പ്രൊഡക്ഷന്‍ ഡിസൈനറായ സാബു സിറിലും ലൈന്‍ പ്രൊഡ്യൂസറായ സെവന്‍ ആര്‍ട്‌സ് ജി.പി. വിജയകുമാറും. തമിഴ് സിനിമയിലെ പ്രശസ്ത ക്യാമറാമാന്‍ ദിവാകര്‍ മണിയാണ് ഛായാഗ്രഹണം.

രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഈ ഡോക്യുഡ്രാമ ചിത്രീകരിക്കാന്‍ ഇംഗ്ലണ്ടില്‍നിന്നടക്കം പലരും മുന്നോട്ടുവന്നിരുന്നെങ്കിലും ചെങ്കോല്‍ ചിത്രീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രിയദര്‍ശനെ സംവിധായകനായി തിരഞ്ഞെടുക്കുകയായിരുന്നു. ‘കാലാപാനിയും കുഞ്ഞാലിമരയ്ക്കാരും ചെങ്കോലും ചെയ്ത എന്റെ കരിയറിലെ മറ്റൊരു മഹത്തായ മുഹൂര്‍ത്തമാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കഥ പറയുന്ന ഈ ഡോക്യു ഡ്രാമ.

കുട്ടിക്കാലത്ത് രാമായണം കേട്ടുവളര്‍ന്ന നാളുകള്‍ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഇത്തരത്തില്‍ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചിത്രീകരിക്കുന്നത് അഭിമാനകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്’, പ്രിയദര്‍ശന്‍ പറഞ്ഞു.

ഹിന്ദുസ്ഥാനി, കര്‍ണ്ണാട്ടിക് ധാരകളിലെ സംഗീതമാണ് ചിത്രത്തിന്റെ പശ്ചാത്തലമായുണ്ടാവുക. ദൂര്‍ദര്‍ശനും ടി.വി എയ്റ്റീനും ഡോക്യു ഡ്രാമയുടെ നിര്‍മ്മാണത്തില്‍ മുഖ്യപങ്കാളികളാണ്. ബിരാഡ് യാഗ്‌നിക് ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം രാമക്ഷേത്രത്തിന്റെ ചരിത്രം കാണാന്‍ സാധിക്കും.

More in Malayalam

Trending