News
റീമേക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ ചെയ്യും, പവന്‍ കല്യാണിനെതിരെ രംഗത്തെത്തി അദ്ദേഹത്തിന്റെ ആരാധകര്‍
റീമേക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ ചെയ്യും, പവന്‍ കല്യാണിനെതിരെ രംഗത്തെത്തി അദ്ദേഹത്തിന്റെ ആരാധകര്‍
തെലുങ്കിലെ സൂപ്പര്‍താരമാണ് പവന്‍ കല്യാണ്‍. അദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രത്തിനെതിരെ പവന്‍ ആരാധകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് നായകനായി എത്തിയ സൂപ്പര്‍ഹിറ്റായി മാറിയ തമിഴ് ചിത്രം തെരിയുടെ റീമേക്കാണ് ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രമെന്ന അഭ്യൂഹം പരന്നതോടെയാണ് താരത്തിന്റെ ആരാധകര്‍ തന്നെ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്.
തങ്ങള്‍ക്ക് റീമേക്ക് ചിത്രമല്ല വേണ്ടതെന്നും ഒറിജിനല്‍ ചിത്രമാണ് ആവശ്യമെന്നും പറഞ്ഞുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പ്രചാരണവും ആരാധകര്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഹരീഷ് ശങ്കര്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന നല്‍കിയത്. നടന്‍ ബ്രഹ്മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ രംഗം അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്ലോ മോഷനില്‍ നടക്കുന്ന നടന്റെ പിന്നിലായി ഒരുസംഘം ആളുകള്‍ പോലീസ് വേഷത്തിലുള്ള പവന്‍ കല്യാണിന്റെ കൂറ്റന്‍ കട്ടൗട്ടും വഹിച്ചുകൊണ്ടാണ് വരുന്നത്. ‘വലിയ ഒരതിശയം പിന്നാലെ വരുന്നുണ്ട്’ എന്നാണ് സംവിധായകന്‍ ഇതിനൊപ്പം കുറിച്ചത്. ഇതോടെയാണ് പുതിയ ചിത്രത്തില്‍ പവന്‍ കല്യാണ്‍ പോലീസ് വേഷത്തിലായിരിക്കുമെന്നും അത് തെരിയുടെ റീമേക്ക് ആയിരിക്കാമെന്നുമുള്ള വാര്‍ത്ത പരന്നത്.
തൊട്ടുപിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നത്. തെരിയുടെ റീമേക്ക് ആണ് ഹരീഷ് ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ തങ്ങള്‍ക്കത് വേണ്ട എന്നാണ് ആരാധകര്‍ പറയുന്നത്. ആറുവര്‍ഷം മുമ്പ് ഇറങ്ങിയ ചിത്രം ആ സമയത്ത് തന്നെ തെലുങ്കിലും മൊഴിമാറ്റിയെത്തിയിരുന്നു. ഒടിടിയിലും നിരവധി തവണ ടിവിയിലും പ്രദര്‍ശിപ്പിച്ച ചിത്രം ഇനി റീമേക്ക് ചെയ്യേണ്ടതില്ല എന്നും അവര്‍ പറയുന്നു. റീമേക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ ചെയ്തുകളയും എന്ന് സംവിധായകന് കത്തെഴുതിയ ആരാധകരുമുണ്ട്.
തെലുങ്കില്‍ റീമേക്ക് ചിത്രങ്ങളെടുക്കുന്നതില്‍ മുന്‍പന്തിയിലുള്ള താരമാണ് പവന്‍ കല്യാണ്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ റീമേക്കാണ് താരത്തിന്റേതായി അവസാനമിറങ്ങിയ ‘ഭീംലാ നായക്’. തൊട്ടുമുമ്പിറങ്ങിയ ‘വക്കീല്‍ സാബ്’ ആകട്ടെ അമിതാഭ് ബച്ചന്‍ ചിത്രം പിങ്കിന്റെ റീമേക്കും.
