general
മുഖത്ത് ഓക്സിജൻ മാസ്കുകൾ, ചുണ്ടിൽ മുറിപ്പാട്. ഞാൻ വീണുപോകുമെന്ന് തോന്നി, അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല; എന്റെ കണ്ണിൽ ഇരുട്ടു കയറിയെന്ന് ലാൽ
മുഖത്ത് ഓക്സിജൻ മാസ്കുകൾ, ചുണ്ടിൽ മുറിപ്പാട്. ഞാൻ വീണുപോകുമെന്ന് തോന്നി, അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല; എന്റെ കണ്ണിൽ ഇരുട്ടു കയറിയെന്ന് ലാൽ
സംവിധായകൻ സിദ്ധിഖ് വിട പറഞ്ഞ് പോകുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഉറ്റ സുഹൃത്ത് ലാൽ ആണ്. സിദ്ധിഖ് – ലാല്‍ എന്നാല്‍ പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു. ചിരിക്കാനുള്ള ചിത്രങ്ങള്‍ മാത്രമാണ് രണ്ടുപേരും ഒരുമിച്ച് നിന്നപ്പോഴൊക്കെ സംഭവിച്ചത്. ഒരുമിച്ച് സിനിമയില്‍ വളര്‍ന്നവരാണ് സിദ്ധിഖും ലാലും. ഇടയ്ക്ക് വേര്‍പിരിഞ്ഞ് സിനിമകള്‍ ചെയ്തുവെങ്കിലും അവര്‍ക്കിടയിലെ സൗഹൃദം അങ്ങനെ തന്നെയുണ്ടായിരുന്നു.
സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ലാലും കൂടെ തന്നെയുണ്ട്. അപ്പോഴൊന്നും ഒന്നും മിണ്ടാനോ പ്രതികരിക്കാനോ ലാല്‍ നിന്നില്ല. മൗനമായി എല്ലാത്തെയും അതിജീവിച്ചു. അവസാനം ഫാസിലിനെ കണ്ടപ്പോള്‍ ആ ദുഃഖം അണപൊട്ടിയൊഴുകി.
സിദ്ധിഖിന്റെയും ലാലിന്റെയും ഗുരുവാണ് ഫാസില്‍. ഫാസില്‍ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയരക്ടേഴ്‌സ് ആയിട്ടാണ് സിദ്ധിഖും ഫാസിലും തുടങ്ങിയത്.
പൊതു ദര്‍ശനത്തിന് വച്ച തന്റെ ശിഷ്യന്‍ സിദ്ധിഖിന്റെ ചേതനയറ്റ ശരീരം കാണാന്‍ മകന്‍ ഫഹദ് ഫാസിലിനൊപ്പമാണ് ഫാസില്‍ വന്നത്. അവിടെ നിന്ന് മാറാതെ നില്‍ക്കുകയായിരുന്നു ലാല്‍. ഫാസിലിനെ കണ്ടതും കെട്ടിപ്പിടിച്ചു കരഞ്ഞു. ആശ്വസിപ്പിക്കാനാകാതെ ഫാസിലും നിന്നു.
ഒരു ചിറകല്ല, ജീവന്റെ പാതി പോയതുപോലെയാണ് ലാൽ അമൃത ആശുപത്രിയുടെ പടികളിറങ്ങിയത്. സിദ്ദിഖ് ലാൽ എന്ന മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിരിക്കൂട്ടായ്മയിലെ ആദ്യ കണ്ണി കണ്ണടച്ചിരിക്കുന്നു. ഒരു മാസം മുൻപാണ് സിദ്ദിഖിനെ കാണാൻ ആദ്യം ആശുപത്രിയിലെത്തിയതെന്നാണ് ലാൽ കുറിച്ചത്. എന്റെ കണ്ണിൽ ഇരുട്ടു കയറി. അങ്ങനെയൊരു സിദ്ദിഖിനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. നരച്ച താടിയിൽ ഞാൻ അവനെ കണ്ടിട്ടില്ല. മുഖത്ത് ഓക്സിജൻ മാസ്കുകൾ. ചുണ്ടിൽ മുറിപ്പാട്. ഞാൻ വീണുപോകുമെന്ന് തോന്നി. അങ്ങനെയൊന്നും തളർന്നു പോകുന്നയാളല്ല സിദ്ദിഖ്. ഞാൻ ഇടറിയപ്പോഴെല്ലാം താങ്ങായ കൂട്ടുകാരനാണ്.
ഞങ്ങൾ തമ്മിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ കഥാചർച്ചകൾ തന്നെ തർക്കങ്ങളാണ്. എന്നാൽ രണ്ടു തർക്കങ്ങൾ വന്നാൽ ഒന്ന് ശരിയായിരിക്കും. ആ ശരിയെ ഞങ്ങൾ ഉൾക്കൊണ്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ കൂട്ടിന്റെ ശക്തി. എനിക്ക് ഇനി ഇതുപോലൊരു സുഹൃത്തിനെ കിട്ടില്ല. ലോകത്താർക്കും ഇത്ര നല്ലൊരു കൂട്ടുകാരനെക്കിട്ടില്ല. മലയാള സിനിമയുടെ വലിയ നഷ്ടമെന്നല്ല ഞാൻ പറയുന്നത്. മലയാളിക്ക് നഷ്ടമായ ഏറ്റവും നല്ല മനുഷ്യനാണ് സിദ്ദിഖ്. ആരോടും ദേഷ്യപ്പെടാതെ, ആരുടെയും കുറ്റങ്ങൾ പറയാത്തൊരാൾ. ഒരു തുള്ളി മദ്യം കഴിക്കില്ല. ജീവിതത്തിൽ നല്ല കൺട്രോളുള്ളയാൾ. മറ്റുള്ളവരെ വേദനിപ്പിക്കേണ്ടെന്നു കരുതി അദ്ദേഹം പലതും ഒതുക്കി വയ്ക്കും. അങ്ങനെ ഓപ്പൺ ആകില്ല. എല്ലാം മനസ്സിൽ സൂക്ഷിച്ചു. സ്വന്തം അസുഖം പോലുമെന്നാണ് ലാൽ കുറിച്ചത്
സഹോദരൻമാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. റാംജി റാവു സ്പീക്കിംഗ് ആണ് സിദ്ദിഖും ലാലും ഒരുമിച്ച് ഒരുക്കിയ ആദ്യ സിനിമ. 1989 ലാണ് റാംജി റാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. അന്ന് ഈ ചിത്രമുണ്ടാക്കിയ തരംഗം ചെറുതല്ല. 1991 ൽ ഗോഡ്ഫാദർ എന്ന സിനിമയും റിലീസ് ചെയ്തതോടെ സിദ്ദിഖ് ലാൽ കോംബോ പ്രേക്ഷകർ ആഘോഷമാക്കി.
എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. 1993 ലാണ് ഹിറ്റ് കൂട്ടുകെട്ട് അവസാനിച്ചത്. ലാൽ നിർമാണ രംഗത്തേക്ക് ശ്രദ്ധ നൽകി. പിന്നീട് നടനുമായി. മറുവശത്ത് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിദ്ദിഖും പേരെടുത്തു