Connect with us

നടി സത്യാ രാജൻ അന്തരിച്ചു

News

നടി സത്യാ രാജൻ അന്തരിച്ചു

നടി സത്യാ രാജൻ അന്തരിച്ചു

അമെച്ചർ, പ്രൊഫഷണൽ നാടകമേഖലയിൽ അഞ്ചരപ്പതിറ്റാണ്ടോളം തിളങ്ങിയ നടി സത്യാ രാജൻ അന്തരിച്ചു. മസ്തിഷ്കമുഴയെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസത്തോളം അബോധാവസ്ഥയിലായിരുന്നു. വേങ്ങേരി വരമ്പിലെ ‘പൊന്നി’ എന്ന വീട്ടിലായിരുന്നു താമസം.

വേങ്ങേരി പടിഞ്ഞാറെപുരയ്ക്കൽ അധ്യാപകനായ ഗോവിന്ദന്റെയും അമ്മാളുക്കുട്ടിയുടെയും മകളായ സത്യവതി പതിമ്മൂന്നാംവയസ്സിൽ വേങ്ങേരി പുതുയുഗ കലാവേദിയുടെ ‘തിളങ്ങുന്ന കണ്ണുകൾ’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. തുടർന്ന് അയ്യായിരത്തോളം വേദികളിൽ അവർ വേഷമിട്ടു.

കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, മാമുക്കോയ, ടി. സുധാകരൻ, രാജൻ പാടൂർ, കെ.പി.എ.സി. സുലോചന തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു. കെ.ടി. മുഹമ്മദ്, ജയപ്രകാശ് കുളൂർ, സുന്ദരൻ കല്ലായി, സഹദേവൻ മക്കട, മനോജ് നാരായണൻ, ജയൻ തിരുമന, രാജീവൻ മമ്മിളി, റങ്കൂൺ റഹ്‌മാൻ, കെ.ടി. രവി, സുന്ദരൻ കല്ലായി, സതീഷ് കെ. സതീഷ്, എ. ശാന്തകുമാർ, വിൽസൺ സാമുവൽ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു.

കാദംബരി തിയേറ്റേഴ്‌സ്, വടകര വരദ, ഷൊർണൂർ സ്വാതി, കോഴിക്കോട് സൗമ്യസ്വര, സംഘചേതന, ഖാൻ കാവിൽ നിലയം, കലാനിപുണ, സോമ, ചിരന്തന, വടകര രംഗമിത്ര തുടങ്ങിയവ ഉൾപ്പെടെ പത്തോളം നാടകസമിതികളുടെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വളയനാട് കലാസമിതിയുടെ അഖിലകേരള നാടകമത്സരത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

ഭർത്താവ്: വി.പി. രാജൻ (റിട്ട. കണ്ടക്ടർ). മകൾ: ദിവ്യ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ജീവനക്കാരി). മരുമകൻ: നിഖിൽ (ഹൈലൈറ്റ് ബിൽഡേഴ്‌സ് ജീവനക്കാരൻ). സഹോദരങ്ങൾ: നാടകകൃത്ത് സുകുമാരൻ വേങ്ങേരി, നാടകനടൻ ശ്രീനിവാസൻ വേങ്ങേരി (ഇരുവരും പരേതർ), സുരേന്ദ്രൻ (റിട്ട. കണ്ടക്ടർ, പന്തീരാങ്കാവ്), യതീന്ദ്രൻ (പാലക്കാട്), ജയശ്രീ (മലാപ്പറമ്പ്).

More in News

Trending

Recent

To Top