News
മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിച്ചു; ശിവകാര്‍ത്തികേയനും കമല്‍ഹാസനുമെതിരെ പ്രതിഷേധം; പോലീസുമായി ഏറ്റുമുട്ടല്‍!
മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിച്ചു; ശിവകാര്‍ത്തികേയനും കമല്‍ഹാസനുമെതിരെ പ്രതിഷേധം; പോലീസുമായി ഏറ്റുമുട്ടല്‍!
മുസ്‌ലിം സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ശിവകാര്‍ത്തികേയന്‍ നായകനായ ‘അമരന്‍’ സിനിമയ്‌ക്കെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിനുപിന്നാലെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സിനിമയില്‍ മുസ്‌ലിങ്ങളെയും കശ്മീരിലെ ജനങ്ങളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. രാഷ്ട്രീയപ്പാര്‍ട്ടിയായ തമിഴക മക്കള്‍ ജനനായക കക്ഷി(ടി.എം.ജെ.കെ) യാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്നത്.
തിരുനെല്‍വേലി, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഡല്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ചിലയിടത്ത് പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സിനിമയുടെ റിലീസ് തടയാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയുടെ തിരുച്ചിറപ്പള്ളി ജില്ലാസെക്രട്ടറി റയാല്‍ സിദ്ദിഖി ആവശ്യപ്പെട്ടു.
കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശിവകാര്‍ത്തികേയനും കമല്‍ഹാസനുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. കമലിനെയും ശിവകാര്‍ത്തികേയനെയും ഗുണ്ടാനിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേജര്‍ മുകുന്ദ് എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്.
കശ്മീരിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെ നേരിടുന്ന ഇന്ത്യന്‍ കരസേനയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് സിനിമയുടെ പ്രമേയമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2014 ജമ്മുകശ്മീരിലെ ഷോപിയാന്‍ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നയിച്ച മുകുന്ദ് വരദരാജന്‍ പോരാട്ടത്തില്‍ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചിരുന്നു.