എന്റെ ഒരു കുഞ്ഞ് അനിയനെ പോലെയാണ് അദ്ദേഹം ; വളരെ താഴ്മയുള്ള ആളാണ് ;വിജയിയേക്കുറിച്ച് അന്ന് മോഹൻലാൽ പറഞ്ഞത്
നിരവധി ആരാധകരുള്ള ഒരു സൂപ്പർസ്റ്റാർ ആണ് വിജയ്. തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ആയ വിജയിക്ക് ഇങ്ങു കേരളത്തിലും ആരാധകർ ഏറെയാണ്. വിജയിയുടെ ഓരോ ചിത്രങ്ങളും വലിയ ഉത്സവ പ്രതീതിയോടെ ആണ് കേരളത്തിലെ ആരാധകരും സ്വീകരിക്കാറുള്ളത്
ജൂൺ 22 ന് ദളപതി വിജയിയുടെ പിറന്നാൾ കൂടിയാണ്. പിറന്നാൾ നാളെ ആണെങ്കിലും പിറന്നാൾ ആഘോഷങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ വിജയ് ആരാധകർ തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിത മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടൻ വിജയിയേക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014 ൽ ആയിരുന്നു മോഹൻലാലും വിജയിയും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്നത്. ജില്ല എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒന്നിച്ചത്.
ചിത്രം ബോക്സോഫീസിലും വിജയിച്ചിരുന്നു. ശിവൻ, ശക്തി എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാലും വിജയിയും ചിത്രത്തിലെത്തിയത്. മോഹൻലാലും വിജയിയും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളൊക്കെ പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. എനിയ്ക്ക് വിജയിയെ നേരത്തെ അറിയാം. ഞങ്ങൾ മുൻപ് പല ചടങ്ങുകൾക്കായും ഒന്നിച്ച് കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നില്ല. എന്റെ ഒരു കുഞ്ഞ് അനിയനെ പോലെയാണ് അദ്ദേഹം- മോഹൻലാൽ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിജയ്‌യ്ക്ക് ഇത്രയധികം ആരാധകരുണ്ടായതിനെപ്പറ്റിയും മോഹൻലാൽ സംസാരിച്ചു. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്.
എനിയ്ക്ക് അദ്ദേഹത്തോട് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്, കാരണം അത്രത്തോളം താഴ്മയുള്ള ആളാണ് വിജയ്. തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലും അദ്ദേഹത്തിനുള്ള വലിയ ഫാൻ ഫോളോവേഴ്‌സിൽ എനിയ്ക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കമൽഹാസൻ പ്രധാന വേഷത്തിലെത്തിയ ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിച്ച തമിഴ് ചിത്രം കൂടിയായിരുന്നു ജില്ല. 2009 ലായിരുന്നു ഉന്നൈ പോൽ ഒരുവൻ തീയേറ്ററുകളിലെത്തിയത്. അതേസമയം ലോകേഷ് കനകരാജിനൊപ്പമുള്ള ലിയോയുടെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ വിജയ്.
കുറച്ചു ദിവസത്തെ ഷൂട്ട് കൂടി വിജയിയ്ക്ക് ഉണ്ടെന്ന് ലോകേഷ് കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വൻ പ്രതീക്ഷയോടെയാണ് ലിയോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്. വിജയിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ഒരു സർപ്രൈസ് വച്ചിട്ടുണ്ടെന്ന് ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. മോഹൻലാലിന്റേതായും നിരവധി ചിത്രങ്ങളാണ് ഇനി വരാനുള്ളത്. തലൈവർ രജിനികാന്തിനൊപ്പമുള്ള ജയിലർ ആണ് മോഹൻലാലിന്റേതായി തമിഴിൽ വരാനുള്ള ചിത്രം.
ജയിലറിൽ സുപ്രധാനമായ ഒരു അതിഥി വേഷത്തിലാണ് താരമെത്തുക എന്നാണ് വിവരം. മോഹൻലാലിന്റെ വിന്റേജ് ലുക്കിലുള്ള പോസ്റ്ററുകളും അണിയറപ്രവർത്തകർ പുറത്തുവിട്ടിരന്നു. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈകോട്ടെ വാലിബൻ ആണ് മലയാള സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം.