Malayalam
മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി ഫ്‌ലയിംഗ് സ്‌ക്വാഡ്; ചിത്രങ്ങളെടുക്കാന്‍ ഓടിയെത്തി ആരാധകര്‍
മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി ഫ്‌ലയിംഗ് സ്‌ക്വാഡ്; ചിത്രങ്ങളെടുക്കാന്‍ ഓടിയെത്തി ആരാധകര്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍.
നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല. സിനിമയ്ക്കപ്പുറം മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകര്‍ക്ക് തോന്നാന്‍ കാരണം ഇതെല്ലാമാണ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനകള്‍ തുടരുകയാണ്. ഇപ്പോളിതാ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വച്ച് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാരിയരുടെ കാര്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അനധികൃതമായി പണം എത്തിക്കുന്നത് തടയാനാണ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാപക പരിശോധനകള്‍ നടത്തുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ് ഇത്തരത്തില്‍ കൂടുതലായും പരിശോധിക്കാറുള്ളത്. മഞ്ജു വാര്യരുടെ കേരള റജിസ്‌ട്രേഷന്‍ കാര്‍ കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈ കാണിച്ചു. തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ ബൈപാസിലായിരുന്നു പരിശോധന. ഇതിനിടയില്‍, മഞ്ജുവിനെ തിരിച്ചറിഞ്ഞ് നാട്ടുകാരും മറ്റ് യാത്രക്കാരും സെല്‍ഫിക്കായി പിന്നാലെ എത്തി.
പരിശോധനയ്ക്ക് ശേഷം ഉടന്‍ തന്നെ നടിയെ പോകാന്‍ അനുവദിച്ചെങ്കിലും. എല്ലാവരുമായി സെല്‍ഫി എടുത്ത ശേഷമാണ് മഞ്ജു യാത്ര പുനരാരംഭിച്ചത്. മഞ്ജു തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കൂടെ മാനേജരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ കാര്‍ പതിവ് പരിശോധനയുടെ ഭാഗമായി ഇസിയുടെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പരിശോധിച്ചിരുന്നു. സംസ്ഥാനത്തുടനീളം തിരച്ചില്‍ ശക്തമാക്കിയ ഇസിയുടെ ഫഌിംഗ് സ്‌ക്വാഡ് താംബരം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ശനിയാഴ്ച നാല് കോടി രൂപ പിടിച്ചെടുത്തു.
അതേസമയം, അടുത്തിടെ മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുഡിഎഫിന്റെ കോട്ടയായിരുന്ന പഴയ മുകുന്ദപുരം മണ്ഡലമാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയത്. ചാലക്കുടി ആയ ശേഷവും കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് വലിയ ഇളക്കം തട്ടിയിട്ടില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെപി ധനപാലനാണ് ഇവിടെ വിജയിച്ചത്.
എന്നാല്‍ 2014 ല്‍ ഇവിടെ അപ്രതീക്ഷിത തിരിച്ചടി യുഡിഎഫിന് നേരിട്ടു. എല്‍ഡിഎഫ് സ്വതന്ത്രനായി രംഗത്തിറങ്ങിയ നടന്‍ ഇന്നസെന്റായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിസി ചാക്കോയെ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് ഇന്നസെന്റ് മത്സരിച്ചത്. ഇന്നസെന്റിനെ പോലെ നടി മഞ്ജു വാര്യരെ ഇറക്കി മണ്ഡലം പിടിക്കാന്‍ എല്‍ഡി എഫില്‍ ആലോചന നടക്കുന്നുണ്ടെന്നായിരുന്നു പ്രചരിച്ചിരുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലാണ് ഇതേ കുറിച്ച് പറഞ്ഞിരുന്നത്.
വിവാദങ്ങളില്‍ നിന്നെല്ലാം പരമാവധി മാറി നില്‍ക്കുന്ന നടിയാണ് മഞ്ജു. സംഭവബഹുലമായ ജീവിതമാണെങ്കിലും ഒരിക്കലും പോലും ആരെയും കുറ്റപ്പെടുത്തി സംസാരിക്കാന്‍ മഞ്ജു തയ്യാറായിട്ടില്ല. കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.
