News
സമ്മാനം തരുന്ന സമയത്ത് ലാൽ സാർ എന്റെ കാതുകളിൽ പറഞ്ഞ സ്വകാര്യം ഇതായിരുന്നു; കുറിപ്പ് പങ്കിട്ട് മണിക്കുട്ടൻ
സമ്മാനം തരുന്ന സമയത്ത് ലാൽ സാർ എന്റെ കാതുകളിൽ പറഞ്ഞ സ്വകാര്യം ഇതായിരുന്നു; കുറിപ്പ് പങ്കിട്ട് മണിക്കുട്ടൻ
അമ്മ’ അസോസിയേഷൻ നടത്തിയ നറുക്കെടുപ്പ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി നടൻ മണിക്കുട്ടൻ. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്
സ്മാർട് ടിവിയാണ് മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്. ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന്റെ കയ്യിൽ നിന്നും മണിക്കുട്ടൻ സമ്മാനം ഏറ്റുവാങ്ങി.
മണിക്കുട്ടൻ കുറിച്ചത്
‘‘സ്നേഹത്തിൽ പൊതിഞ്ഞ സമ്മാനത്തിന്റെ മാധുര്യം അനുഭവിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായി. ഇത്തവണ എന്നെ പോലെ സിനിമയെ സ്നേഹിക്കുന്ന ഒരുപാട് കൊച്ചു–വലിയ കലാകാരന്മാരുടെ, സംഘടനയായ “അമ്മ” യിൽ നിന്നുമാണ്. ‘അമ്മ’ സംഘടനയുടെ 29 ാം വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി ഞങ്ങളുടെ സംഘടന നടത്തിയ ലക്കി ഡ്രോ കോണ്ടസ്റ്റിൽ പങ്കെടുക്കുകയും ഒന്നാം സമ്മാനമായ സ്മാർട് ടിവി, സംഘടനയുടെ പ്രസിഡന്റ് നമ്മുടെ സ്വന്തം ലാലേട്ടനിൽ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇനി ഇതിലെ ഇരട്ടി മധുരം എന്തെന്നാൽ സമ്മാനം തരുന്ന സമയത്ത് ലാൽ സാർ എന്റെ കാതുകളിൽ പറഞ്ഞൊരു സ്വകാര്യമാണ്.
‘‘മോനേ… നീ വിജയിക്കുന്നിടത്തെല്ലാം എന്റെ സാന്നിധ്യവുമുണ്ടല്ലോ..’’
ശരിയാണ്… ഇതിനു മുൻപ് ടെലിവിഷൻ ചരിത്രത്തിലെ തന്നെ മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 യുടെ വിജയകിരീടം എന്നെ അണിയച്ചതും ലാൽ സാറാണ്.
അങ്ങനെ ഒരു ഓർമയുടെ മധുരം കൂടി കിട്ടിയതിനാലാണ് ഒരു ഓർമയിൽ നിന്നു തന്നെ ഈ കുറിപ്പ് ആരംഭിച്ചതും.
ഒരു പക്ഷേ വായിക്കുന്ന ചിലർക്കെങ്കിലും ഇതൊരു സാധാരണ സംഭവമായി തോന്നിയേക്കാം. പക്ഷേ മമ്മൂക്കയെയും, ലാലേട്ടനെയും തുടങ്ങി മലയാള സിനിമയുടെ അനേകം പ്രതിഭകൾ അംഗമായിരിക്കുന്ന ‘അമ്മ’ പോലൊരു വലിയ സംഘടനയിൽ എന്നെപോലെ ഒരാൾക്ക് അംഗമാകാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി തന്നെ കണക്കാക്കുന്നു. ആ ഭാഗ്യം എനിക്കായി ഒരുക്കിയ ഈശ്വരനെയും ഒപ്പം എന്നെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനെയും ഈ അവസരത്തിൽ ഓർക്കുന്നു.’’–മണിക്കുട്ടൻ പറഞ്ഞു.