Malayalam
നിങ്ങളെ കുറിച്ച് അഭിമാനം മാത്രം; അച്ഛനും സഹോദരനും അഭിനന്ദനവുമായി കല്യാണി
നിങ്ങളെ കുറിച്ച് അഭിമാനം മാത്രം; അച്ഛനും സഹോദരനും അഭിനന്ദനവുമായി കല്യാണി
67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഫീച്ചര്‍ വിഭാഗത്തില്‍ എട്ടു പുരസ്‌കാരവും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രണ്ട് പുരസ്‌കാരവും ആണ് മലയാളം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള സ്വര്‍ണകമലം അടക്കം മൂന്ന് പുരസ്‌കാരമാണ് പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം നേടിയത്. വസ്ത്രാലങ്കാരം സുജിത് സുധാകരനും വി ശശിയും. സ്പെഷ്യല്‍ ഇഫക്ട്സ് സിദ്ധാര്‍ഥ് പ്രിയദര്‍ശനും.
പ്രിയദര്‍ശനൊപ്പം മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഒരുമിച്ച ചിത്രം കൂടിയാണ് മരക്കാര്‍. അച്ഛന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷല്‍ ഇഫക്ട്സിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും അഭിനന്ദിച്ചു കൊണ്ടുള്ള കല്യാണിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
”നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,” എന്നാണ് കല്യാണി കുറിച്ചിരിക്കുന്നത്.
അതേസമയം, മലയാളത്തിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. നൂറു കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലും റിലീസാകും.
കോവിഡ് പശ്ചാത്താലത്തിലാണ് തിക്പത്തിന്റെ റിലീസ് മാറ്റിവെച്ചത്. എന്നാല്‍ മെയ് 13ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയിന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിക്കുന്നത്.
കൂറ്റന്‍ വിഎഫ്എക്സ് സെറ്റുകളിലാണ് സിനിമയിലെ കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. അഞ്ച് ഭാഷകളിലിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യങ്ങളിലായി 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.