Actress
ഞാന്‍ സ്വപ്നലോകത്താണോ; കല്യാണിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി സാക്ഷാല്‍ മെസ്സി!
ഞാന്‍ സ്വപ്നലോകത്താണോ; കല്യാണിയ്ക്ക് പിറന്നാള്‍ സമ്മാനവുമായി സാക്ഷാല്‍ മെസ്സി!
നിരവധി ആരാധകരുള്ള താരമാണ് കല്യാണ് പ്രിയദര്‍ശന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ തന്റെ പിറന്നാളിന് കിട്ടിയ സമ്മാനം പങ്കുവെച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ പ്രത്യേക പിറന്നാള്‍ സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. മെസ്സിയുടെ ഒപ്പുള്ള അര്‍ജന്റീന ദേശീയ ടീമിന്റെ പത്താം നമ്പര്‍ ജഴ്‌സിയാണ് കല്യാണിയ്ക്ക് ലയണല്‍ മെസ്സിയുടെ സമ്മാനമായി ലഭിച്ചത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
മെസ്സിയുടെ ജഴ്‌സിയുമായി നില്‍ക്കുന്ന ചിത്രങ്ങളും കല്യാണി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച പിറന്നാള്‍ സമ്മാനമെന്നാണ് ജഴ്‌സിയെക്കുറിച്ച് കല്യാണി പ്രതികരിച്ചത്.
‘എന്നെ ഒന്ന് നുള്ളാമോ ? ഞാന്‍ സ്വപ്നലോകത്താണോ, ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം’ കല്യാണി കുറിച്ചു. അടുത്തിടെ ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന സിനിമയില്‍ ഫുട്‌ബോള്‍ കമന്റേറ്ററായ പെണ്‍കുട്ടിയുടെ റോളില്‍ താരം അഭിനയിച്ചിരുന്നു. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കാണാനും കല്യാണി കലൂര്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.
അതേസമയം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലാണ് കല്യാണി ഒടുവില്‍ അഭിനയിച്ചത്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വമ്പന്‍ താരനിര തന്നെ സിനിമയിലുണ്ട്.