Malayalam
ആദ്യമായി ഒരു സിനിമയുടെ കഥപറയുന്നത് ദുല്‍ഖറിനോട്; എന്നാൽ ആ തിരക്കഥ അച്ഛന് ഇഷ്ടപ്പെട്ടില്ല; അതോടെ അത് ഉപേക്ഷിച്ചു; വിനീത് ശ്രീനിവാസന്‍ പറയുന്നു !
ആദ്യമായി ഒരു സിനിമയുടെ കഥപറയുന്നത് ദുല്‍ഖറിനോട്; എന്നാൽ ആ തിരക്കഥ അച്ഛന് ഇഷ്ടപ്പെട്ടില്ല; അതോടെ അത് ഉപേക്ഷിച്ചു; വിനീത് ശ്രീനിവാസന്‍ പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരപുത്രന്മാരാണ് ദുല്‍ഖര്‍ സല്‍മാനും വിനീത് ശ്രീനിവാസനും. നടന് പുറമെ നിര്‍മാതാവും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. അതേസമയം അഭിനേതാവായും ഗായകനായും സംവിധായകനായും നിര്‍മാതാവായും കഴിവ് തെളിയിച്ചയാളാണ് വിനീത് ശ്രീനിവാസന്‍.
താന്‍ മുന്‍പ് ദുല്‍ഖര്‍ സല്‍മാനോട് ആദ്യമായി ഒരു സിനിമയുടെ കഥ പറഞ്ഞ രസകരമായ സംഭവം പങ്കുവെക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഒരു ഓൺലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ സംവിധാന സംരംഭത്തിലെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബിന് മുന്‍പേ ആദ്യമായി ഒരു കഥ പറഞ്ഞത് ദുല്‍ഖറിനോടായിരുന്നുവെന്നും വിനീത് പറഞ്ഞു.
”മലര്‍വാടി ആര്‍ട്സ് ക്ലബിനു മുന്‍പേ ഞാനെഴുതിയ തിരക്കഥ ആദ്യം ദുല്‍ഖറിനോടാണ് പറഞ്ഞത്. ദുല്‍ഖര്‍ അഭിനയിച്ച് തുടങ്ങുന്നതിനും മുന്‍പായിരുന്നു അത്. ദുല്‍ഖറിന് സിനിമയില്‍ താല്‍പര്യമുണ്ടെന്നറിഞ്ഞിട്ടാണ് സമീപിച്ചത്,” വിനീത് പറയുന്നു. എന്നാല്‍ ആ സ്‌ക്രിപ്റ്റ് മികച്ചതായിരുന്നില്ലെന്നും അച്ഛന് സ്‌ക്രിപ്റ്റ് ഇഷ്ടമായില്ലെന്നും അതിനാല്‍ പദ്ധതി ഉപേക്ഷിച്ചുവെന്നും വിനീത് പറഞ്ഞു.
”എന്റെ ആ സ്‌ക്രിപ്റ്റ് കൊള്ളില്ലായിരുന്നു. ഫസ്റ്റ് ഹാഫ് ദുല്‍ഖറിന് ഇഷ്ടപ്പെട്ടു. സെക്കന്‍ഡ് ഹാഫ് ദുല്‍ഖറിന് ഇഷ്ടമായില്ല. അച്ഛന്‍ വായിച്ചിട്ട് ഫസ്റ്റ് ഹാഫും സെക്കന്‍ഡ് ഹാഫും ഇഷ്ടമായില്ല. അങ്ങനെ അത് മടക്കിവെച്ചു,” താരം പറഞ്ഞു.
മലര്‍വാടി ആര്‍ട്സ് ക്ലബിന് ശേഷം തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നിവയായിരുന്നു വിനീത് സംവിധാനം ചെയ്ത ചിത്രങ്ങള്‍. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന ‘ഹൃദയം’ ആണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം.
about vineeth sreenivasan