രജിത് കുമാര്‍ നായകനായ ‘സ്വപ്നസുന്ദരി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വളരെയധികം ശ്രദ്ധ നേടിയ ഡോ. രജിത് കുമാര്‍ വെള്ളിത്തിരയിൽ ചുവട് വെയ്ക്കുകയാണ്. സ്വപ്‍ന സുന്ദരി എന്ന ചിത്രത്തിലാണ് രജിത് കുമാർ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.
രജിത് കുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. രജിത് സണ്‍ഗ്‌ളാസ് വച്ച് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. ഡോക്ടറായ ഷിനു ശ്യാമളനാണ് ചിത്രത്തില്‍ രജിത്തിന്റെ നായികയായി എത്തുന്നത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്. ഷിനുവിന്റെ ആദ്യ ചിത്രം കൂടിയാണിത്. ജെ.കെ ഫിലിപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. അതേസമയം, ഒരു ടി.വി സീരിയലിലും രജിത് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.
സ്ത്രീ വിരുദ്ധവും അശാസ്ത്രീയവുമായ പ്രസ്താവനകള്‍ നടത്തുകയും അതുമൂലം പലവട്ടം വിവാദത്തില്‍ ചാടുകയും ചെയ്തയാളാണ് ഡോ. രജിത് കുമാര്‍. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വച്ച് തന്റെ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് ഇയാളെ പരിപാടിയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇയാളുടെ ഈ പ്രവര്‍ത്തിക്കെതിരെ ശക്തമായ പ്രതിഷേധവും നടന്നിരുന്നു.
