Malayalam
ചോക്ലേറ്റ് ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പരസ്യമാക്കി കൃഷ്ണ
ചോക്ലേറ്റ് ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പരസ്യമാക്കി കൃഷ്ണ
ഒരു കാലത്ത് പ്രേക്ഷകരുടെ മനസ്സിലെ റൊമാന്റിക് നായകനായിരുന്നു കൃഷ്ണ. ആദ്യ സീരിയൽ മന്ദാരത്തിലെയും തില്ലാന തില്ലാന സിനിമയിലെ കഥാപാത്രംവും പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നു. തിങ്കൾകലമാൻ എന്ന സീരിയലിലൂടെ വർഷങ്ങൾക്ക് ശേഷം തന്റെ ചോക്ലേറ്റ് ഹീറോ പരിവേഷം തിരിച്ചു പിടിച്ചിരിക്കുകയാണ് താരം
കബനി എന്ന സീരിയലിലൂടെ കുറച്ചു മാസങ്ങൾക്ക് മുൻപ് മലയാളം സീരിയലിലേക്കുള്ള തന്റെ തിരിച്ചുവരവ് കൃഷ്ണ നടത്തിയെങ്കിലും ആ കഥാപാത്രത്തേക്കാൾ തനിക്ക് പ്രിയപ്പെട്ടത് തിങ്കൾകലമാനിലെ റോഷനെ ആണെന്ന് കൃഷ്ണ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
“റോഷൻ എന്ന കഥാപാത്രത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. എന്റെ യഥാർത്ഥ വ്യക്തിത്വത്തിലേക്ക് തിരിച്ചു വന്നതുപോലെ തോനുന്നു. ഒരു ചെറുപ്പക്കാരനായി എന്നെ എല്ലാവരും അംഗീകരിച്ചതിൽ സന്തോഷം,” കൃഷ്ണ പറയുന്നു.
പണ്ട് സീരിയൽ താരങ്ങളെ ഒരു പുച്ഛത്തോടെ ആളുകൾ നോക്കിയിരുന്ന സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി. ഇപ്പോൾ നടന്മാരെയെല്ലാം ഒരേ കണ്ണോടെ ആണ് ആളുകൾ കാണുന്നത്. തിങ്കൾ കലമാൻ ചെയ്യുന്നതിൽ എനിക്ക് കിട്ടുന്ന റെസ്പോൺസ് തന്നെ അതിനു വലിയ ഉദാഹരണമാണ്. മുൻപെല്ലാം ‘എന്റെ ഭാര്യയും അമ്മയും ഒക്കെ നിങ്ങളുടെ സീരിയൽ കാണാറുണ്ട്’ എന്ന് പറഞ്ഞിരുന്നവർ, ‘ഞാൻ സീരിയൽ കാണാറുണ്ട്, തിരിച്ചുവന്നതിൽ സന്തോഷം’ എന്ന് പറഞ്ഞു തുടങ്ങി. ഈ മാറ്റം തന്നെ മികച്ചതാണ്,” കൃഷ്ണ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷവും ഈ ചോക്ലേറ്റ് ഹീറോ ഇമേജ് കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം ചോദിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് തന്റെ ജീനുകൾക്കാണ് എന്ന് കൃഷ്ണ പറയുന്നു. “ഒരു നടൻ എന്ന നിലയിൽ എന്റെ യുഎസ്പി എന്റെ ഈ ലുക്ക് ആണ്.എല്ലാ ക്രെഡിറ്റും എന്നെ ജനറ്റിക്സിനും പോസിറ്റീവ് സ്പിരിറ്റിനുമാണ്. പിന്നെ, എന്റെ മനസ്സിപ്പോഴും ചെറുപ്പമാണ്. പ്രായം കൂടുന്നത് അതുകൊണ്ട് എന്നെ ബാധിക്കുന്നില്ല. നാല്പതാം വയസിലും ചോക്ലേറ്റ് ഹീറോ ആകാൻ പറ്റുന്നത് ഒരു വലിയ ഭാഗ്യമാണ്,” കൃഷ്ണ പറഞ്ഞു നിർത്തി.