News
ബോഡിഗാര്‍ഡില്‍ നിന്നും കരണത്തടി കൊണ്ട് രണ്‍വീര്‍ സിംഗ്, വൈറലായി വീഡിയോ
ബോഡിഗാര്‍ഡില്‍ നിന്നും കരണത്തടി കൊണ്ട് രണ്‍വീര്‍ സിംഗ്, വൈറലായി വീഡിയോ
തിരക്ക് നിയന്ത്രിക്കുന്നതിനിടെ ബോഡിഗാര്‍ഡിന്റെ അടി കൊണ്ട് രണ്‍വീര്‍ സിംഗ്. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം. രണ്‍വീര്‍ സിംഗിനെ കണ്ട് ഫോട്ടോ എടുക്കാനായി ആരാധകര്‍ തടിച്ചു കൂടുകയായിരുന്നു. ഇതേ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കവെയാണ് ബോഡിഗാര്‍ഡില്‍ നിന്നും അബദ്ധത്തില്‍ രണ്‍വീറിന് അടിയേറ്റത്.
അടികൊള്ളുന്നത് വ്യക്തമല്ലെങ്കിലും ഇതിന് ശേഷം രണ്‍വീര്‍ മുഖം തടവുന്നത് വീഡിയോയില്‍ കാണാം. അടി കൊണ്ടെങ്കിലും ശാന്തത കൈവിടാതെ നടന്‍ അവിടെ നിന്നും മാറുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ഹിന്ദി നടനുള്ള പുരസ്‌കാരമാണ് രണ്‍വീറിന് ലഭിച്ചത്.
അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ ഡയലോഗ് പറഞ്ഞു കൊണ്ടാണ് രണ്‍വീര്‍ അവാര്‍ഡ് സ്വീകരിക്കാനായി വേദിയില്‍ എത്തിയത്. പുഷ്പ തിയേറ്ററില്‍ കാണാന്‍ പറ്റിയില്ല, എന്നാല്‍ പുഷ്പ 2 തിയേറ്ററില്‍ തന്നെ പോയിരുന്ന് കാണുമെന്നും ബംഗളൂരുവില്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തിന് നന്ദിയും താരം പറഞ്ഞു.
അതേസമയം, ‘ജയേഷ്ഭായ് ജോര്‍ദാര്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ വിജയിച്ചില്ല. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ ആണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായിക.